കൊച്ചി: കുവൈറ്റിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി കോട്ടയം പുതുപ്പള്ളി സ്വദേശി ഉതുപ്പ് വർഗീസ്(50) നെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നു പുലർച്ചെ നെടുന്പാശേരി വിമാനത്താവളത്തിൽ നിന്നായിരുന്നു ഉതുപ്പ് വർഗീസിനെ അറസ്റ്റ് ചെയ്തത്. പുലർച്ചെ 3.15 ഓടെ അബുദാബിയിൽ നിന്നുള്ള ഇത്തിഹാദ് വിമാനത്തിലാണ് ഉതുപ്പ് വർഗീസ് നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിയത്. രണ്ടര വർഷത്തോളമായി അബുദാബിയിൽ ഒളിവിൽ കഴിയുകയായിരുന്നു ഉതുപ്പ് വർഗീസ്. വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇയാളെ സിബിഐ പിടികൂടുകയായിരുന്നു.
കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്ക് നടത്തിയ നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെപേരിൽ ഉതുപ്പ് വർഗീസ് 300 കോടി രൂപയിലധികം തട്ടിപ്പ് നടത്തിയെന്നാണ് കേസ്. എറണാകുളം എംജി റോഡിൽ പ്രവർത്തിച്ചിരുന്ന അൽസറഫ മാൻപവർ ഏജൻസിയുടെ മറവിലായിരുന്നു തട്ടിപ്പ്. 1,200 നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം അൽസറാഫ ഏജൻസിയുമായി ഉണ്ടാക്കിയിരുന്നത്.
സർക്കാർ വ്യവസ്ഥപ്രകാരം സേവന ഫീസായി ഒരാളിൽനിന്ന് 19,500 രൂപ മാത്രമേ ഇടക്കാൻ പാടുള്ളൂ. എന്നാൽ അൽസറാഫ ഒരാളിൽനിന്ന് 19.5 ലക്ഷത്തോളം രൂപ വീതമാണ് ഈടാക്കിയത്. 19,500.00 എന്നതിലെ ദശാംശം മാറ്റി 19,50,000 ആക്കി മാറ്റിയായിരുന്നു തട്ടിപ്പ്. ഇങ്ങനെ 300 കോടി രൂപയോളം വർഗീസ് ഉതുപ്പ് തട്ടിയെടുത്തെന്നാണ് സിബിഐ കണ്ടെത്തിയത്. പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് ഇതിനു സഹായം ചെയ്തുകൊടുത്തുവെന്നുമായിരുന്നു സിബിഐയുടെ കണ്ടെത്തൽ.
പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് അഡോൾഫ് ലോറൻസാണ് കേസിലെ ഒന്നാം പ്രതി. സിബിഐ അറസ്റ്റ് ചെയ്ത അഡോൾഫ് ഇപ്പോൾ ജാമ്യത്തിലാണ്. ഇതിനിടെ ഉതുപ്പ് വർഗീസ് കുവൈത്തിലേക്ക് കടന്നു. ഇന്റർപോൾ വാണ്ടഡ് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഉതുപ്പ് കുവൈത്തിൽനിന്ന് മുങ്ങി. പിന്നീട് അവിടെനിന്നു അബുദാബിയിലേക്ക് പോകുകയായിരുന്നു. അബുദാബിയിൽ വച്ച് ഇന്റർപോൾ ഇയാളെ പിടികൂടിയിരുന്നു. എന്നാൽ, ഉന്നതബന്ധങ്ങളുപയോഗിച്ച് ജാമ്യം നേടുകയായിരുന്നു.
തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സിബിഐയുടെ അപേക്ഷയെത്തുടർന്ന് ഇന്റർപോൾ ഉതുപ്പ് വർഗീസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്റർപോൾ വെബ്സൈറ്റിലെ വാണ്ടഡ് പേഴ്സൻസ് വിഭാഗത്തിൽ ഇയാളെക്കുറിച്ച് വിവരങ്ങൾ പ്രസിദ്ധീകരിച്ചു.
തുടർന്ന് ഇയാൾ സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളി. കേരള ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിൽ രണ്ടാം പ്രതിയായ ഉതുപ്പിനെ കൊച്ചിയിലേക്ക് കൊണ്ടുവരാൻ സിബിഐ നടപടികൾ നടന്നുവരികയായിരുന്നു. അതേസമയം ഉതുപ്പ് വർഗീസ് കീഴടങ്ങനെത്തിയതാണെന്നും സൂചനയുണ്ട്. ഇയാളെ ഇന്നു കൊച്ചി സിബിഐ കോടതിയിൽ ഹാജരാക്കും.