കൊച്ചി: റിമാൻഡിലായ കുവൈത്ത് നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസിലെ പ്രധാന പ്രതി കോട്ടയം പുതുപ്പള്ളി സ്വദേശി ഉതുപ്പ് വർഗീസിനെ (51) കസ്റ്റഡിയിൽവാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിദേശത്തേക്ക് ഹവാലാ പണം കടത്തിയതിനാണ് അറസ്റ്റ്. ഇന്നലെ രാവിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണൽ ഓഫീസിൽ ഹാജരായ ഇയാളെ അറസ്റ്റ് ചെയ്ത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
കൂടുതൽ ചോദ്യം ചെയ്യലിനും മറ്റുമായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഉടൻതന്നെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അപേക്ഷ നൽകുമെന്നാണു ലഭിക്കുന്ന വിവരം. 2014 ഡിസംബർ 29 മുതൽ 2015 മാർച്ച് 25 വരെയുള്ള കാലയളവിലാണു കേസിനാസ്പദമായ തട്ടിപ്പ് നടന്നത്.
ഒരു വർഷം മുന്പ് സിബിഐ അറസ്റ്റുചെയ്തശേഷം ജാമ്യത്തിൽ കഴിയുകയായിരുന്നു ഉതുപ്പ് വർഗീസ്. കുവൈത്തിലേക്ക് നഴ്സിംഗ് ജോലിക്കായി നടന്ന റിക്രൂട്ട്മെൻറിലൂടെ 19,500 രൂപ ഈടാക്കേണ്ടതിനു പകരം കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായി ഉണ്ടാക്കിയ കരാറിൽ കൃത്രിമം നടത്തി 19.5 ലക്ഷം രൂപ ഓരോരുത്തരിൽനിന്ന് ഈടാക്കി വൻ തട്ടിപ്പ് നടത്തിയെന്നാണു കേസ്.
ഉതുപ്പ് വർഗീസിന്റെ 1.92 കോടി രൂപയുടെ സ്വത്തുക്കൾ കഴിഞ്ഞ ഡിസംബറിൽ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് ചെയ്തത്.