ഗർഭാശയമുഖത്തുണ്ടാകുന്ന കോശവ്യതിയാനങ്ങൾ സെർവിക്കൽ കാൻസർ ആകുന്നതിന്റെ മുൻപേയുള്ള ഘട്ടങ്ങളെയാണ് സിഐ എൻ എന്നുപറയുന്നത്. സിഐഎൻ കാൻസറായി മാറാൻ ഏകദേശം 10 വർഷമെങ്കിലും എടുക്കും. സി ഐഎൻ ലീഷൻ സ്ക്രീനിംഗ് ടെസ്റ്റുകളിലൂടെ കണ്ടെത്തിയാൽ ലീപ്(LEEP), ക്രയോതെറാപ്പി(CRYOTHERAPY) തുടങ്ങിയ ലഘുവായ ചികിത്സാരീതികളിലൂടെ എളുപ്പത്തിൽ നിർമാർജനം ചെയ്യാൻ പറ്റും.
ക്രയോതെറാപ്പി 10 മിനിറ്റ് കൊണ്ട് ചെയ്യാൻ പറ്റുന്ന ലഘുവായ ചികിത്സാരീതിയാണ്. സിഐഎൻ ബാധിച്ച ഭാഗത്തെ ലീപ് ഇലൺ കൊണ്ട് നിർമാർജനം ചെയ്യുന്ന രീതിയാണ് ലീപ് സർജറി. മുൻകൂട്ടി കണ്ടെത്തി ചികിത്സ അവലംബിക്കുന്നതിലൂടെയും എച്ച്പിവി കുത്തിവയ്പ് എല്ലാവർക്കും എത്തിക്കുന്നതിലൂടെയും ഗർഭാശയള കാൻസർ ഒരു പരിധി വരെ നമുക്ക് തടയാനാകും.
എച്ച്പിവി വാക്സിനേഷൻ
80 ശതമാനം ഗർഭാശയഗള കാൻസറിന്റെയും പ്രധാന കാരണം HPV 16 &18 (Human Papilloma Virus)വൈറസുകൾ ആണ്. ഈ വൈറസിനെതിരെയുള്ള വാക്സിൻ ആണ് എച്ച്പിവി വാക്സിൻ. ആൺകുട്ടികളിലും പെൺകുട്ടികളിലും ഈ വാക്സിനേഷൻ ഫലപ്രദമാണ്.
9 തൊട്ട് 14 വയസു വരെയുള്ള കുട്ടികളിൽ രണ്ട് ഡോസായാണ് വാക്സിനേഷൻ നൽകേണ്ടത്. ആദ്യ ഡോസ് കഴിഞ്ഞ് ആറുമാസത്തിനും 12 മാസത്തിനും ഇടയിലാണ് രണ്ടാമത്തെ ഡോസ് നൽകേണ്ടത്. മുതിർന്നവരിൽ 15 മുതൽ 26 വയസു വരെയുള്ളവർ 3 ഡോസായാണ് വാക്സിനേഷൻ നൽകുന്നത്.
ആദ്യ ഡോസ് കഴിഞ്ഞ് 2 മാസം കഴിഞ്ഞ് രണ്ടാമത്തെ ഡോസും രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 4 മാസം കഴിഞ്ഞുമാണ് മൂന്നാമത്തെ ഡോസ് നൽകേണ്ടത്. 26 നും 45 നും വയസിനിടയ്ക്കും ഈ വാക്സിനേഷൻ ഒരു വിദഗ്ധ ഡോക്ടറുടെ നിർദേശപ്രകാരം എടുക്കാവുന്നതാണ്. ഇപ്പോൾ ഏകദേശം 2000 മുതൽ 3000 വരെ രൂപ വരും ഒരു ഡോസിന്. എച്ച്പിവി വാക്സിനേഷൻ എല്ലാവരിലും എത്തിക്കുന്നതിലൂടെ ഗർഭാശയള കാൻസർ ഒരു പരിധി വരെ നമുക്ക് തടയാകും.
കേരളത്തിലെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും കാൻസർ പ്രിവെന്റീവ് ഹെൽത്ത് സെന്ററുകളിലും എച്ച്പിവി വാക്സിനേഷൻ ലഭ്യമാണ്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സെർവിക്കൽ കാൻസർ ഒരു പരിധി വരെ നമുക്ക് തടയാൻ സാധിക്കും.
2030 ഓടെ സെർവിക്കൽ കാൻസർ തുടച്ചുനീക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ
ലക്ഷ്യം. ഇതിനായി മുന്നോട്ടുവച്ച മൂന്നുമാർഗങ്ങൾ
1.15 വയസിനു മുൻപ് 90 ശതമാനം കുട്ടികളിലെങ്കിലും എച്ച്പിവി വാക്സിനേഷൻ എത്തിക്കുക
2. 70 ശതമാനം പേരും ജീവിതത്തിൽ രണ്ടു തവണയെങ്കിലും സെർവിക്കൽ കാൻസർ ഇല്ലെന്നു ഉറപ്പു വരുത്തുന്ന സ്ക്രീനിംഗ് ടെസ്റ്റുകൾ ചെയ്യുക .
3. നേരത്തെ രോഗം കണ്ടെത്തിയവരിൽ 90 ശതമാനം പേരെയും ചികിത്സയിലെത്തിക്കുക.