സദാചാര വാദികള്‍ക്കും വര്‍ഗീയ വാദികള്‍ക്കും ഇന്ത്യാ മഹാരാജ്യത്ത് യാതൊരു കുറവുമില്ല. കാഷ്മീര്‍ മുതല്‍ കന്യാകുമാരി വരെ അതിന് യാതൊരു വ്യത്യാസവുമില്ല. കേരളത്തില്‍ ഇതിനോടകം നിരവധി ഉദാഹരണങ്ങള്‍ നാം കണ്ടിട്ടുള്ളതുമാണ്. ആള്‍ക്കൂട്ടത്തിന്റെ നിയമം കൈയ്യിലെടുക്കലിനും കേരളത്തില്‍ ഉദാഹരണങ്ങളുണ്ട്.
പൊതുവേ ഇത്തരം അവസരങ്ങളില്‍ പോലീസ് നോക്കുകുത്തിയാവുകയാണ് പതിവ്. എന്നാല്‍ ആള്‍ക്കൂട്ടം പെരുവഴിയില്‍ നിയമം കൈയ്യിലെടുത്തപ്പോള്‍ കുറ്റാരോപിതനായ യുവാവിനെ അവരുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിച്ച് പിടിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
ഉത്തരാഖണ്ഡിലെ രാംനഗറിലെ ഒരു ക്ഷേത്രത്തില്‍ ഹിന്ദു പെണ്‍കുട്ടിയോടൊപ്പം കണ്ടെത്തിയ മുസ്ലിം യുവാവിനെ ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച സിഖ് പോലീസുകാരനാണ് സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുന്നത്.
ഗിരിജ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ഒന്നിച്ചുകണ്ട യുവതിയെയും യുവാവിനെയും നാട്ടുകാര്‍ കാണുകയും അവര്‍ അക്രമാസക്തരാവുകയുമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്, നാട്ടുകാരുടെ അതിക്രൂരമായ ആക്രമണത്തില്‍ നിന്ന് യുവാവിനെ പൊതിഞ്ഞു പിടിച്ച്, രക്ഷിക്കുന്ന സബ് ഇന്‍സ്പെക്ടര്‍ ഗഗന്‍ദീപ് സിംഗിന്റെ വീഡിയോയാണ്.
യുവാവിനെ വിട്ടുതരണമെന്ന് ആക്രോശിക്കുന്ന ജനക്കൂട്ടത്തെ മയപ്പെടുത്താന്‍ ശ്രമിക്കുന്നതോടൊപ്പം, യുവാവിന്റെ മേല്‍ അവര്‍ കൈവയ്ക്കാതിരിക്കാനും ഇന്‍സ്പെക്ടര്‍ ശ്രദ്ധിക്കുന്നുണ്ട്. യുവാവിനെ വിട്ടു കൊടുക്കില്ലെന്ന് കണ്ടതോടെ പോലീസിനെതിരെ ജനക്കൂട്ടം മുദ്രാവാക്യം വിളിയും തുടങ്ങി.
പോലീസെത്തുന്ന സമയത്ത്, ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തില്‍ അവശനായ യുവാവ് തളര്‍ന്ന് നിലത്തിരിക്കുകയും പെണ്‍കുട്ടി അവരുമായി തര്‍ക്കിക്കുകയുമായിരുന്നു. എന്തിനാണ് അയാളെ അടിക്കുന്നതെന്ന ചോദ്യത്തിന് അവനെ ഞങ്ങള്‍ വെട്ടിനുറുക്കുമെന്നും ഹിന്ദു പെണ്‍കുട്ടിയായ നീ ഈ മുസ്ലിം പയ്യന്റെ കൂടെ കറങ്ങുന്നതെന്തിനാണെന്നുമായിരുന്നു അവരുടെ ചോദ്യം.
കൂടുതല്‍ സംസാരിച്ചാല്‍ നിന്നെയും വെട്ടി നുറുക്കുമെന്നായിരുന്നു മറുപടിയെന്നും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. യൂവതീയുവാക്കള്‍ അടുത്തിടപഴകുന്നതായി തങ്ങള്‍ കണ്ടെന്നാണ് ജനക്കൂട്ടം ആരോപിച്ചതെങ്കിലും പോലീസ് ഒന്നും വിട്ടു പറഞ്ഞിട്ടില്ല.