ലക്നൗ: കോൽക്കത്തയിൽ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ ഉത്തരാഖണ്ഡിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സ് പീഡനത്തിനിരയായി കൊല്ലപ്പെട്ടു.
ഉത്തരാഖണ്ഡിലെ രുദ്രാപുരിലുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന യുവതിയാണു കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ ഉത്തർപ്രദേശിലെ ബറേലി സ്വദേശിയായ ദിവസവേതന തൊഴിലാളി ധർമേന്ദ്രയെ രാജസ്ഥാനിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞമാസം 30നു കാണാതായ യുവതിയുടെ മൃതദേഹം താമസസ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെ ഉത്തർപ്രദേശിലെ ദിബ്ദിബ ഗ്രാമത്തിൽ ആളൊഴിഞ്ഞ പറന്പിൽനിന്ന് ഈ മാസം എട്ടിന് കണ്ടെടുക്കുകയായിരുന്നു.
സംഭവദിവസം വൈകിട്ട് ജോലി കഴിഞ്ഞ് യുവതി ഇ-റിക്ഷയിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിനുശേഷം യുവതിയെ കാണാതാവുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
യുവതി ജോലി സ്ഥലത്തുനിന്നു വീട്ടിലേക്ക് പുറപ്പെട്ടതു മുതൽ ധർമേന്ദ്ര പിന്തുടർന്നിരുന്നെന്നും ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കുകയും ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന പ്രതി യുവതിയുടെ മൊബൈൽ ഫോണും പഴ്സിൽനിന്ന് 3,000 രൂപയും മോഷ്ടിച്ചശേഷമാണു സ്ഥലം വിട്ടത്.