ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മനയ്ക്കും ബദരീനാഥിനുമിടയിലുള്ള ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ക്യാമ്പിന് സമീപമുണ്ടായ കനത്ത ഹിമപാതത്തിൽ മരണം എട്ടായി.
കാണാതായ അവസാന തൊഴിലാളിയുടെയും മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ കണ്ടെത്തി. മഞ്ഞിൽ പുതഞ്ഞനിലയിൽ ആയിരുന്നു മൃതദേഹങ്ങൾ. തെർമൽ ഇമേജ് കാമറകളും പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും എത്തിച്ചായിരുന്നു തെരച്ചിൽ. വെള്ളിയാഴ്ചയാണ് ഹിമപാതമുണ്ടായത്.
54 തൊഴിലാളികളാണു കുടുങ്ങിയത്. രക്ഷപ്പെടുത്തിയവരില്‍ 47 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ബദരീനാഥിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മന, ഇന്ത്യ-ടിബറ്റ് അതിർത്തിയിലെ 3,200 മീറ്റർ ഉയരത്തിലുള്ള അവസാന ഗ്രാമമാണ്.
അതേസമയം, ഉത്തരാഖണ്ഡിലെയും ജമ്മു കാഷ്മീരിലെയും ചില ഭാഗങ്ങളിൽ ദേശീയ ദുരന്ത നിവാരണ അഥോറിറ്റി (എൻഡിഎംഎ) വീണ്ടും ഹിമപാത മുന്നറിയിപ്പ് നൽകി. അടുത്ത 24 മണിക്കൂറിനുള്ളിൽ 2,500 മീറ്ററിന് മുകളിൽ ഇടത്തരം അപകട നിലയിലുള്ള ഹിമപാതത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.