ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽനിന്നു 17 ദിവസത്തിനുശേഷം രക്ഷപ്പെടുത്തിയ 41 തൊഴിലാളികളും ഇന്നു കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. ഡോക്ടർമാരുടെ നിർദേശമനുസരിച്ചായിരിക്കും അടുത്ത നടപടികൾ തീരുമാനിക്കുക. രക്ഷപ്പെട്ട ഓരോ തൊഴിലാളിക്കും ഒരു ലക്ഷം രൂപ വീതം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി ടെലിഫോണിൽ സംസാരിച്ചു. തൊഴിലാളി സഹോദരങ്ങൾ രക്ഷപ്പെട്ടത് എല്ലാവരെയും വികാരഭരിതരാക്കുന്നുവെന്നു പ്രധാനമന്ത്രി പിന്നീട് എക്സില്‍ കുറിച്ചു.
നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ടവരുടെ ആത്മവീര്യത്തിന് മുന്നില്‍ സല്യൂട്ട് ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
നവംബർ 12ന് പുലർച്ചെ 5.30നാണ് തുരങ്കത്തിൽ മണ്ണിടിഞ്ഞ് 41 തൊഴിലാളികൾ കുടുങ്ങിയത്. ഇന്നലെ രാത്രി 8.45ന് എല്ലാവരെയും പുറത്തെത്തിച്ചു. വേണ്ടത്ര ആസൂത്രണം ഇല്ലാതെ തുടങ്ങിയ രക്ഷാദൗത്യത്തിന് പലകുറി തടസങ്ങൾ നേരിട്ടിരുന്നു.
വ്യോമസേനയും റെയിൽവേയും ദൗത്യത്തിനു വേണ്ട ഉപകരണങ്ങൾ എത്തിച്ചു. വിദേശവിദഗ്ധരുടെ സഹായത്തോടൊപ്പം കരസേനയുടെ എൻജിനീയറിംഗ് വിഭാഗവും സ്വകാര്യ സർക്കാർ സ്ഥാപനങ്ങളുടെ വിദഗ്ധരും പങ്കാളികളായി.
തൊഴിലാളികളെ പുറത്തെത്തിക്കാൻ തുരങ്കത്തിന് മുകളിൽനിന്ന് താഴേക്ക് കുഴിക്കുന്നത് ഉൾപ്പടെ അഞ്ചു പദ്ധതികൾ തയാറാക്കിയിരുന്നു. എന്നാൽ തൊഴിലാളികളെ ഉപയോഗിച്ച് തുരങ്കത്തിലെ അവശിഷ്ടങ്ങൾ നീക്കിയുള്ള രക്ഷാപ്രവർത്തനമാണു ലക്ഷ്യം കണ്ടത്.
“തുരങ്കത്തിൽ ആദ്യദിനങ്ങളിൽ വളരെ ബുദ്ധിമുട്ടി’
ഉത്തരകാശി: തുരങ്കത്തിനുള്ളിൽ അകപ്പെട്ട ആദ്യദിനങ്ങൾ വളരെയധികം ബുദ്ധിമുട്ടുള്ളതായിരുന്നുവെന്നു രക്ഷപ്പെട്ട തൊഴിലാളികളിലൊരാളായ വിശാൽ പറഞ്ഞു.
“ആദ്യത്തെ ആറു ദിവസം വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ, ഞങ്ങൾക്ക് സമയത്ത് ഭക്ഷണം ലഭിച്ചു, ഞങ്ങളുടെ മനോവീര്യം ശക്തമായിരുന്നു, ഇപ്പോ എന്റെ കുടുംബത്തെ കണ്ടു’ -തുരങ്കത്തിൽ നിന്ന് പുറത്തിറങ്ങിയശേഷം വിശാൽ മാധ്യമങ്ങളോടു പറഞ്ഞു.
ദീപാവലി ദിനത്തിലാണ് വിശാൽ ഉൾപ്പെടെ 41 തൊഴിലാളികൾ തുരങ്കത്തിൽ അകപ്പെട്ടത്. വിശാലിന്റെ അസാന്നിധ്യത്തിൽ നവംബർ 12ന് ദീപാവലി ആഘോഷിക്കാൻ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ഇന്നലെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ചെന്നും വിശാൽ പറഞ്ഞു. ഹിമാചൽ പ്രദേശിലെ മാണ്ഡി സ്വദേശിയാണ് വിശാൽ.