ഡെറാഡൂൺ; ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം അവസാനഘട്ടത്തിലേക്ക്. മറ്റ് തടസങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശുഭവാർത്ത കേൾക്കാനാകും എന്നാണ് രക്ഷാപ്രവർത്തന സംഘം അറിയിച്ചിരിക്കുന്നത്.
തുരങ്കത്തിലേക്കുള്ള പൈപ്പ് ഘടിപ്പിക്കൽ പ്രക്രിയ 48 മീറ്ററോളം പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. ഇനി ഏകദേശം പതിനഞ്ച് മീറ്റർ കൂടെയാണ് അവശേഷിക്കുന്നത്. ഇത് വിജയകരമായ് പൂർത്തീകരിച്ചാൽ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും ഏതാനും മണിക്കൂറിനുള്ളിൽ പുറത്തെത്തിക്കാൻ സാധിക്കുന്നതാണ്.
റോഡിന് വീതി കുറവായതിനാൽ കഴിഞ്ഞദിവസം കുടുങ്ങിയ യന്ത്രവും ഇപ്പോൾ സ്ഥലത്തെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. മണ്ണിടിച്ചിൽ നടന്നു പത്തു ദിവസമായ ഇന്നലെ തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.
തുരങ്കത്തിനുള്ളിലേക്ക് എൻഡോസ്കോപിക് ഫ്ളെക്സി കാമറ എത്തിച്ചാണ് തൊഴിലാളികളുടെ ദൃശ്യങ്ങൾ പകർത്തിയത്. തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ നൽകുന്നതിനായി ഘടിപ്പിച്ച പൈപ്പിലൂടെയാണ് കാമറ കടത്തിവിട്ടത്.
വോക്കി ടോക്കി വഴി തൊഴിലാളികളുമായി രക്ഷാപ്രവർത്തകർ സംസാരിക്കുന്നതു ദൃശ്യങ്ങളിലുണ്ട്. തൊഴിലാളികൾ സുരക്ഷിതരായി തുടരുന്നുവെന്ന് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണു റിപ്പോർട്ട്.
ഇന്നലെ ഗ്ലാസ് ബോട്ടിലുകൾ വഴി തൊഴിലാളികൾക്ക് ചൂടുള്ള ഭക്ഷണം നൽകിയിരുന്നു. തൊഴിലാളികൾക്ക് മൊബൈലും ചാർജറുകളും പൈപ്പിലൂടെ എത്തിച്ചുനൽകിയെന്നും രക്ഷാദൗത്യത്തിന്റെ ചുമതലയുള്ള കേണൽ ദീപക് പാട്ടീൽ പറഞ്ഞു.
കഴിഞ്ഞ 12ന് പുലർച്ചെ 5.30നായിരുന്നു ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽപ്പെട്ട സിൽക്യാര- ദന്തൽഗാവ തുരങ്കം ഭാഗികമായി തകർന്നത്. നാലര കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ ഉള്ളിലായിരുന്നു അപകടം.