പന്ത്രണ്ട് വർഷം ഉൗമയായി അഭിനയിച്ച കൊലപാതക കേസിലെ പ്രതിയ്ക്ക് സംസാര ശേഷി നഷ്ടമായി. ചൈനയിലെ സെജിയാംഗ് പ്രവിശ്യയിലെ ഹാൻസോഹു സ്വദേശിയായ സെംഗ് എന്നയാൾക്കാണ് ഈ ദുരനുഭവമുണ്ടായത്. ഭാര്യയുടെ അമ്മാവനെ കൊലപ്പെടുത്തിയന്നുള്ളതാണ് ഇയാൾക്കെതിരെ തെളിഞ്ഞിട്ടുള്ള കേസ്.
2005ൽ 500 യുവാന്റെ പേരിൽ ഇവർ തമ്മിൽ വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് സെംഗ് അദ്ദേഹത്തെ കൊലപ്പെടുത്തുകയുമായിരുന്നു. പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്ന സെഗ് പിന്നീട് ഹാൻസോഹുവിൽ നിന്നും എഴുനൂറ് കിലോമീറ്റർ അകലെയുള്ള അൻഹൂയി പ്രവശ്യയിലെത്തി അവിടെയൊരു വീടും നിർമിച്ച് നിർമാണതൊഴിലാളിയായി താമസിച്ചുവരികയായിരുന്നു.
മാത്രമല്ല ഉൗമയായി അദ്ദേഹം അഭിനയിക്കാനും ആരംഭിച്ചു. അവിടെ നിന്നും അദ്ദേഹം ഒരു വിവാഹം കഴിച്ചു മാത്രമല്ല ഒരു കുട്ടിയും ജനിച്ചു.വാംഗ് ഗുയി എന്ന പേരിലാണ് അദ്ദേഹം അവിടെ കഴിഞ്ഞത്.
വർഷങ്ങൾ പലതു കൊഴിഞ്ഞു വീണു. നാടുവിട്ടെങ്കിലും ഉൗമായായി അഭിനയിച്ചിട്ടും നിയമത്തിന്റെ കണ്ണിൽ നിന്നും രക്ഷനേടാൻ സെംഗിനായില്ല. അടുത്തിടെ പോലീസ് ഇവിടെ നടത്തിയൊരു പരിശോധനയിൽ സെംഗിന്റെ കാര്യത്തിൽ അവർക്കൊരു സംശയം തോന്നി.
അദ്ദേഹം സമർപ്പിച്ച രേഖകൾ പരിശോധിച്ചപ്പോൾ ആ സംശയത്തിന് ശക്തി വർധിച്ചു. തുടർന്ന് സെംഗിന്റെ രക്തത്തിന്റെ സാംപിൾ വാങ്ങിയ ഇവർ ഡിഎൻഎ പിരിശോധനയ്ക്ക് വിധേയമാക്കി. പിന്നീടാണ് വാംഗ് ഗുയി എന്ന പേരിൽ തങ്ങളുടെ മുന്പിൽ ഇരിക്കുന്നത് പന്ത്രണ്ട് വർഷങ്ങൾക്ക് മുന്പ് ഒരു കൊലപാതകം നടത്തിയതിനു ശേഷം നാട്ടിൽ നിന്നും മുങ്ങിയ സെംഗാണെന്ന് പോലീസുദ്യോഗസ്ഥർക്ക് ബോധ്യമായത്.
ഇദ്ദേഹം ഉൗമയായി അഭിനയിക്കുകയായിരുന്നുവെന്ന് ബോധ്യമായ പോലീസുദ്യോഗസ്ഥർ അദ്ദേഹത്തോട് സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഞെട്ടിയത് അവർ മാത്രമല്ല സെംഗും കൂടിയായിരുന്നു. കാരണം, അദ്ദേഹത്തിന്റെ സംസാര ശേഷി പൂർണമായും നഷ്ടമായിരുന്നു.
വളരെ ദീർഘമായ നാളുകൾ തുടർച്ചയായി സംസാരിക്കാതിരുന്നതാണ് ഇതിനു കാരണമായത്. എഴുതിയാണ് സെഗ് പോലീസുകാരുമായി ആശയവിനിമയം നടത്തുന്നത്. അദ്ദേഹത്തിന് സംസാരശേഷി തിരികെ കിട്ടുമോയെന്ന് വ്യക്തമല്ല മാത്രമല്ല അദ്ദേഹത്തിന് ലഭിക്കുവാൻ സാധ്യതയുള്ള ശിക്ഷയെക്കുറിച്ചും വ്യക്തമല്ല.