ടൂറിന്: രണ്ടാംപാദ സെമിയിൽ മോണക്കോയെ 2-1ന് തോൽപിച്ച് യുവന്‍റസ് യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിന്‍റെ ഫൈനലിൽ കടന്നു. ഇരുപാദങ്ങളിലുമായി 4-1ന്‍റെ ജയത്തോടെയാണ് യുവന്‍റസിന്‍റെ ഫൈനൽ പ്രവേശനം. മോണക്കോയുടെ സ്റ്റാഡ് ലൂയി ടുവില്‍ നടന്ന ആദ്യപാദത്തില്‍ ഗോണ്‍സാലോ ഹിഗ്വെയ്ന്റെ ഇരട്ട ഗോളില്‍ 2-0ന് യുവന്‍റസ് ജയിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ സെമിയില്‍ സന്പൂർണ ആധിപത്യമാണ് യുവന്‍റസ് നേടിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച യുവന്‍റസ് ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളിന് മുന്നിൽ എത്തി. മരിയോ മാന്‍സുകിച്ചും (33) ഡാനി ആല്‍വസുമാണ് (44) യുവന്‍റസിന്‍റെ ഗോളുകൾ നേടിയത്. യുവതാരം കെയ്‌ലിന്‍ എംബാപയുടെ (69) വകയായിരുന്നു മൊണാക്കോയുടെ ആശ്വാസ ഗോള്‍.
ബുധനാഴ്ച രാത്രി നടക്കുന്ന റയല്‍ മഡ്രിഡ്-അത്‌ലറ്റിക്കോ മഡ്രിഡ് മത്സരത്തിലെ വിജയികളെയാണ് യുവന്‍റസ് കലാശ പോരാട്ടത്തിൽ നേരിടുക.