റോം: ബാഴ്സലോണയുടെ തട്ടകത്തില്‍നിന്ന് എന്തിനാണ് ഡാനി ആല്‍വസിനെ സ്വന്തം പാളയത്തിലെത്തിച്ചത് എന്ന് യുവന്റസ് ആരാധകര്‍ക്ക് ക്ലബ് അധികൃതര്‍ ഇന്നലെ ഉത്തരം നല്കി. എവിടെയായാലും ഡാനി ഡാനിയാണ്.പ്രതിരോധനിരയിലാണ് സ്ഥാനമെങ്കിലും വലതുവിംഗിലൂടെ ചാട്ടുളിപോലെ കയറിവന്ന എതിര് ഗോള്‍മുഖത്ത് നിരന്തരം ഭീതി വിതയ്ക്കുന്ന ഒന്നാം തരം താരം.
ഡാനി ആല്‍വസിന്റെ പ്രതിഭാവിലാസം ഉച്ചസ്ഥായിയിലായ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ രണ്ടാംപാദ സെമി പോരാട്ടത്തില്‍ മോണക്കോയെ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തി ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസ് കലാശപ്പോരാട്ടത്തിന് അര്‍ഹരായി. ജൂണ്‍ മൂന്നിന് കാര്‍ഡിഫില്‍ നടക്കുന്ന ഫൈനലിലേക്ക് യുവെ എത്തുന്നത് 4-1ന്റെ അഗ്രഗേറ്റ് വിജയത്തോടെയാണ്.
ആദ്യപാദത്തില്‍ ഫ്രഞ്ച് ക്ലബ് മോണക്കോയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 2-0ന്റെ വിജയം യുവെ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇതു രണ്ടാം തവണയാണ് യുവന്റസ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തുന്നത്. 21 വര്‍ഷം മുമ്പായിരുന്നു യുവെ ചാമ്പ്യന്‍സ് ലീഗില്‍ അവസാനമായി മുത്തമിടുന്നത്.
1996ല്‍ അയാക്സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് യുവെ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയത്. 2015 ഫൈനലില്‍ ബാഴ്സലോണയോട് യുവെ പരാജയപ്പെടുകയായിരുന്നു.
അത്യന്തം ആവേശകരമായ മത്സരത്തില്‍ 33-ാം മിനിറ്റില്‍ മാരിയോ മാന്‍സുകിച്ചും 44-ാം മിനിറ്റില്‍ ഡാനി ആല്‍വസുമാണ് യുവെയുടെ ഗോളുകള്‍ നേടിയത്. മോണക്കോയുടെ ആശ്വാസഗോള്‍ 69-ാം മിനിറ്റില്‍ യുവതാരം കൈലിയാന്‍ എംബാപ്പെയുടെ ബൂട്ടില്‍നിന്നായിരുന്നു.
2006ല്‍ ഇറ്റാലിയന്‍ ലീഗിനെ പിടിച്ചുകുലുക്കിയ വാതുവയ്പ് വിവാദത്തില്‍പ്പെട്ട യുവന്റസ് സീരീ ബിയിലേക്കു തരം താഴ്ത്തപ്പെട്ടിരുന്നു. പിന്നീട് തൊട്ടടുത്ത വര്‍ഷം മുതല്‍ ശക്തമായ പ്രകടനമാണ് അവര്‍ നടത്തിയത്. ഒരുപക്ഷേ, ലോക ഫുട്ബോളില്‍ ഇറ്റലി തുടരുന്ന സ്ഥിരത അവകാശപ്പെടുന്ന ടീമാണ് അവിടെനിന്നു തന്നെയുള്ള യുവന്റസ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഈ ഫൈനല്‍ പ്രവേശം.
എന്നാല്‍, ജിയോര്‍ജിയോ കെള്ളിനി, ലിയനാര്‍ഡോ ബൊനൂസി, ആന്ദ്രെ ബര്‍സാഗി, ഡാനി ആല്‍വസ് എന്നിവരടങ്ങിയ ലോകത്തെ ഏറ്റവും മികച്ച പ്രതിരോധനിരയുള്ള യുവന്റസിനെതിരേ എംബാപ്പെ എന്ന കൗമാരതാരത്തിന്റെ വിസ്മയകരമായ കുതിപ്പ് ഏവരെയും അദ്ഭുതപ്പെടുത്തി. എല്ലാത്തിനുമുപരി ആയിരത്തിലേറെ മത്സരപരിചയമുള്ള ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയിജി ബഫണെ മറികടന്ന് ഒരു ഗോള്‍ നേടാനും എംബാപ്പെയ്ക്കായി.
കെള്ളിനി അപാരഫോമിലായിരുന്നു. കളിയുടെ തുടക്കത്തില്‍ ബഞ്ചമിന് മെന്‍ഡിയുടെ ക്രോസില്‍ അവിശ്വസനീയമായ ഷോട്ടുതിര്‍ത്ത റഡമേല്‍ ഫല്‍ക്കാവോയെ തടഞ്ഞത് അവിസ്മരണീയ കാഴ്ചയായി.
മത്സരത്തിൽ യുവന്റസിനു തന്നെയായിരുന്നു മുൻതൂക്കം. ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ചു കളിച്ച അവരെ തടഞ്ഞുനിർത്താൻ മൊണാക്കോ പ്രതിരോധം പാടുപെട്ടു. ഗോളി സുഭാസിക് മികച്ച ഫോമിലായിരുന്നു. ഒട്ടേറെ ഷോട്ടുകളാണ് ഇദ്ദേഹം രക്ഷപ്പെടുത്തിയത്. യുവന്റസ് നേടിയ രണ്ടു ഗോളുകളും മോണക്കോ ഗോളിയുടെ രക്ഷപ്പെടുത്തലിനെത്തുടർന്നു സംഭവിച്ചതാണ്.
മരിയോ മാൻസുകിച്ചിന്റെ ആദ്യശ്രമം സുഭാസിക് രക്ഷപ്പെടുത്തിയെങ്കിലും തട്ടിതെറിച്ചു പന്തു വീണ്ടും മാരിയോയുടെ കാൽചുവട്ടിലേക്കു തന്നെയെത്തി. ഇത്തവണ മരിയോയ്ക്കു പിഴച്ചില്ല. രണ്ടാമത്തെ ഗോളും ഏതാണ്ടു ഇതുപോലെ തന്നെ. യുവന്റസിനു അനുകൂലമായി ലഭിച്ച കോർണർകിക്ക് ഗോളി സുഭാസിക് കുത്തിയകറ്റിയെങ്കിലും പന്തെത്തിയത് ബോക്സിനു സമീപമുണ്ടായിരുന്നു ഡാനി ആൽവസിനടുത്തേക്ക്.
തകർപ്പൻ ഷോട്ടോടെ ഡാനി ആൽവസ് അതു പോസ്റ്റിലേക്കു തിരിച്ചുവിട്ടു. പന്ത് മോണക്കോ വലയിൽ. (2-0). മോണക്കോയുടെ റഡമേൽ ഫൽക്കാവോ, എംബാപ്പെ തുടങ്ങിയവർ പലവട്ടം യുവന്റസ് ഗോൾമുഖത്തെത്തിയെങ്കിലും ആദ്യപകുതിയിൽ ലക്ഷ്യം കണ്ടില്ല. 69ാം മിനിറ്റിലാണ് എംബാപെയ്ക്കു അവസരം ലഭിച്ചത്. (2-1).
ഡാനി മാജിക്
രണ്ടു വര്‍ഷം മുമ്പാണ് ഡാനി ആല്‍വസ് ബാഴ്സയില്‍നിന്ന് യുവന്റസിലെത്തുന്നത്. ഫുള്‍ ബാക്കായ ഡാനി ബാഴ്സയ്ക്കൊപ്പമായിരിക്കുന്ന കാലഘട്ടത്തില്‍ ആറു ലാലിഗ കിരീടങ്ങളും മൂന്നും ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നേടി. സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ഏറ്റവുമധികം പാസ് കൊടുത്തവരുടെ പട്ടികയില്‍ ഡാനി ആദ്യ പേരുകാരില്‍ ഒരാളാണ്.
യുവന്റസിലെത്തിയിട്ടും ആല്‍വസ് തന്റെ തേരോട്ടം തുടര്‍ന്നു. ബാഴ്സയ്ക്കെതിരായ മത്സരത്തില്‍ സാക്ഷാല്‍ മെസിയെയും പൂട്ടി അവിസ്മരണീയ വിജയം യുവെയ്ക്കു സമ്മാനിച്ചു.യുവെയുടെ ഫൈനലിലേക്കുള്ള കുതിപ്പില്‍ നിര്‍ണായകമായത് ആല്‍വ്സിന്റെ പ്രകടനമാണ്.
മോണക്കോയെ ആദ്യപാദത്തില്‍ പരാജയപ്പെടുത്തിയപ്പോള്‍ ഗോള്‍ നേടിയ ഗൊണ്‍സാലോ ഹിഗ്വെയ്ന്റെ രണ്ടു ഗോളിനും അസിസ്റ്റ് ചെയ്തത് ആല്‍വസായിരുന്നു. ഈ മത്സരത്തിലിതാ ഉജ്വല വോളി ഗോളിലൂടെ തന്റെ ഗോളടി മികവും ഡാനി പുറത്തെടുത്തിരിക്കുന്നു. ഈ മത്സരത്തില്‍ മാന്‍സുകിച്ച് നേടിയ ഗോളിനു വഴിയൊരുക്കിയതും ആല്‍വസായിരുന്നു. എല്ലാത്തിനും പ്രതിഫലമെന്നോണം മാന്‍ ഓഫ് ദ മാച്ച് ബഹുമതിയും ഡാനിയെ തേടിയെത്തി.
ഹൈലൈറ്റ്സ്
യുവെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുന്നത് ഇത് ആറാം തവണ. ആറു തവണ ഫൈനലിലെത്തിയ മറ്റൊരു ടീം എസി മിലാനാണ്. മറ്റൊരു ടീമിനും സാധിക്കാത്ത നേട്ടം.
യുവന്റസ്, ബയേണ്‍ മ്യൂണിക്, റയല്‍ മാഡ്രിഡ് എന്നീ ടീമുകള്‍ ചാമ്പ്യന്‍സ് ലീഗിലെ വിവിധ സെമി മത്സരങ്ങളിലായി 30 ഗോളുകള്‍ വീതം നേടിയിട്ടുണ്ട്.
ചാമ്പ്യന്‍സ് ലീഗില്‍ തോല്‍വിയറിയാതെയുള്ള യുവന്റസിന്റെ 12-ാമത്തെ മത്സരമായിരുന്നു മോണക്കോയ്ക്കെതിരേയുള്ളത്. ഇതില്‍ ഒമ്പതെണ്ണം വിജയവും മൂന്നെണ്ണം സമനിലയുമാണ്.
മോണക്കോയുടെ ഈ സീസണിലെ 150-ാം ഗോളാണ് എംബാപ്പെയിലൂടെ പിറന്നത്. റയല്‍ മാഡ്രിഡും (158) ബാഴ്സലോണയും (168) മാത്രമാണ് മുന്നിലുള്ളത്. 689 മിനിറ്റുകള്‍ക്കു ശേഷമാണ് ലോകോത്തര ഗോളി 39കാരനായ ജിയാന്‍ ലൂയിജി ബഫണ് ഒരു ഗോള്‍ വഴങ്ങുന്നത്.
ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് എംബാപ്പെ. 18 വര്‍ഷവും 140 ദിവസമുമാണ് അദ്ദേഹത്തിന്റെ പ്രായം.
ഇനിയെന്ത്?
സീരീ എയില്‍ മൂന്നു മത്സരങ്ങളാണ് യുവന്റസിന് അവശേഷിക്കുന്നത്. എഎസ് റോമയ്ക്കെതിരായ ആദ്യമത്സരത്തിൽ വിജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ യുവെയ്ക്ക് തുടര്‍ച്ചയായ ആറാം തവണയും കിരീടമുയര്‍ത്താം.
പുറത്തായെങ്കിലും മോണക്കോയ്ക്ക് ഫ്രഞ്ച് ലീഗായ ലീഗ് ഒന്നില്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീമാണ്. മൂന്നു മത്സരങ്ങള്‍ ബാക്കിയുള്ള ലീഗില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് അവര്‍. പിഎസ്ജിയുമായി മൂന്നു പോയിന്റിന്റെ ലീഡ് അവര്‍ക്കുണ്ട്. ഇതില്‍ രണ്ടിലെങ്കിലും വിജയിച്ചാല്‍ കിരീടം മോണക്കോയ്ക്കു സ്വന്തം.