കൊല്ലം : പാന്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുക എന്നത് കേരളത്തിന് കേട്ടുകേൾവി പോലുമില്ലാത്തതായിരുന്നു.
വിചിത്രവും ക്രൂരവുമായ ഒരു കൊലപാതകം തെളിയിക്കാൻ അന്വേഷണ സംഘം സഞ്ചരിച്ചത് അസാധാരണ വഴികളിലൂടെയും.
2018 മാര്‍ച്ച് 25 നായിരുന്നു ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്രയുടെയും അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജിന്റെയും വിവാഹം നടക്കുന്നത്.
വിവാഹ സമ്മാനമായി നൂറുപവന്‍ സ്വര്‍ണം, ലക്ഷങ്ങള്‍ വിലവരുന്ന കാര്‍, എന്നിവയുൾപ്പെടെ ഉത്രയുടെ കുടുംബത്തില്‍ നിന്നും അരക്കോടി രൂപയോളം വരുന്ന സ്വത്ത് വകകളാണ് സ്ത്രീധനമായി സൂരജന് ലഭിച്ചത്.
വീടുപണിയ്ക്കും വാഹനം വാങ്ങുന്നതിനുമായി വേറെയും ലക്ഷങ്ങള്‍, സഹോദരിക്ക് സ്കൂട്ടര്‍ എന്നിവ പുറമേ. മാസം വട്ടചെലവിന് പ്രത്യേകം തുക.
വിവാഹം കഴിഞ്ഞ് കുറച്ചു നാള് കഴിഞ്ഞപ്പോഴേക്കും ഉത്രയെ ഒഴിവാക്കാനുള്ള പോംവഴികളും സൂരജ് ആലോചിച്ചു തുടങ്ങി. ഇതിനടിയില്‍ ഇരുവര്‍ക്കും കുഞ്ഞും ജനിച്ചു.
വിവാഹ മോചനം ആദ്യം ആലോചിച്ചുവെങ്കിലും അങ്ങനെ വന്നാല്‍ തനിക്ക് ലഭിച്ച അരക്കോടിയോളം സ്വത്ത് വകകള്‍ തിരിച്ച് നല്‍കേണ്ടി വരും.
സ്വത്തുക്കള്‍ പോവുകയുമരുത്, ഉത്രയേ ഒഴിവാക്കുകയും വേണം. ഇതായിരുന്നു 27-കാരനായ സൂരജിന്റെ ചിന്ത. മാസങ്ങളോളം നടത്തിയ ആസൂത്രണത്തിനു ശേഷമുള്ള കൊലപാതകം എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
സുഹൃത്തായ കൊല്ലം പാരിപ്പള്ളി ചാരുകാവ് സ്വദേശി പാമ്പ് സുരേഷ് എന്ന സുരേഷില്‍ നിന്നും അണലി ഇനത്തില്‍പ്പെട്ട പാമ്പിനെ സൂരജ് സ്വന്തമാക്കി.
2020 മാര്‍ച്ച് രണ്ടിന് ഈ അണലിയെ ഉപയോഗിച്ച് ആദ്യ കൊലപാത ശ്രമം നടത്തി. പാമ്പ് കടിച്ച് അല്പം കഴിഞ്ഞപ്പോഴേക്കും ഉത്രയ്ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തതോടെ ഈ ശ്രമം പിഴച്ചു.
എന്നാല്‍ ആദ്യം ശ്രമം പാളി എങ്കിലും രണ്ടാമൂഴത്തിനായി സൂരജ് കാത്തിരുന്നു. ഏപ്രില്‍ 24 ന് വീണ്ടും സുരേഷിനെ കാണുകയും പതിനായിരം രൂപ നല്കി ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ ഇനത്തിലെ പാമ്പിനെ വാങ്ങുകയും ചെയ്യുന്നു.
പിന്നീട് രണ്ടാഴ്ച കൂടി കാത്തിരുന്ന സൂരജ് മേയ് ആറിനു അര്‍ധരാത്രി തന്റെ പദ്ധതി നടപ്പിലാക്കുന്നു. പ്ലാസ്റ്റിക് ജാറില്‍ അടച്ചു ദിവസങ്ങളായി ബാഗില്‍ സൂക്ഷിച്ച് വച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊത്തിപ്പിക്കുന്നു.
ഒന്നല്ല പലതവണ. ഒടുവില്‍ കാത്തിരുന്ന് ഉത്രയുടെ മരണം ഉറപ്പിക്കുന്നു. പിന്നീട് പതിവില്‍ നിന്നും വിപരീതമായി പുലര്‍ച്ചെ പുറത്തേക്ക് പോകുന്നു.
ഈ സമയത്താണ് ഉത്രയുടെ മാതാവ് എത്തുകയും മകളുടെ ചലനമറ്റ ശരീരം കാണുകയും ചെയ്യുന്നത്. ആദ്യം കരുതിയത് അബോധാവസ്ഥയില്‍ ആയിരിക്കാം എന്നായിരുന്നു.
പിന്നീട് അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തുടര്‍ച്ചയായി രണ്ടു തവണ പാമ്പ് കടിച്ചതും ശീതീകരിച്ച മുറിയുടെ ജനല്‍ തുറന്നു കിടന്നു എന്നതും ഉത്രയുടെ മാതാപിതാക്കളില്‍ ഉളവാക്കിയ സംശയമാണ് ക്രൂര കൊലപാതകത്തിന്റെ ചുരുള്‍ അഴിയാന്‍ പ്രധാന കാരണം.
കേസ് ആദ്യം അന്വേഷിച്ച അഞ്ചല്‍ പോലീസിനെതിരെ ഉത്രയുടെ പിതാവ് വിജയസേനന്‍, മാതാവ് മണിമേഖല എന്നിവര്‍ അന്നത്തെ റൂറല്‍ പോലീസ് മേധാവിക്ക് പരാതി നല്കി.
പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍ കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു കേസ് കൈമാറി.
അന്വേഷണം ആരംഭിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കേസ് കൊലപാതകമെന്ന് കണ്ടെത്തിയ ക്രൈംബ്രാഞ്ച് സൂരജിനെയും കൂട്ടാളി സുരേഷ്കുമാറിനെയും അറസ്റ്റ് ചെയ്തു.
പിന്നീട് സൂരജിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെയും കേസില്‍ പ്രതികളാക്കി
കേസില്‍ വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച അന്വേഷണ സംഘം സാഹചര്യതെളിവുകള്‍ മാത്രമുള്ള കേസില്‍ ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്താന്‍ അസാധാരണമായ പല പരീക്ഷണങ്ങളും പരിശോധനകളും നടത്തി.
ആഴ്ചകള്‍ എടുത്ത് ഡമ്മി പരീക്ഷണം നടത്തി അതിന്റെ വീഡിയോ ചിത്രീകരിച്ചു കോടതിയില്‍ സമര്‍പ്പിച്ചു. ഒപ്പം പാമ്പ് പിടി വിദഗ്ധന്‍ വാവ സുരേഷ് അടക്കം പ്രമുഖര്‍ കോടതിയില്‍ സാക്ഷികളായി എത്തി.
നിര്‍ണായകമായത് ഡമ്മി പരിശോധന
കൊല്ലം: ഉത്രക്കേസില്‍ സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന കണ്ടെത്തല്‍ കോടതിക്കു മുന്നില്‍ തെളിയിക്കാന്‍ ഡമ്മി പരിശോധന എന്ന ആശയമാണ് പോലീസ് നടപ്പാക്കിയത്.
യഥാര്‍ഥ പാമ്പിനെ ഉപയോഗിച്ച് നടത്തിയ ആ പരീക്ഷണത്തിന്റെ ദൃശ്യങ്ങളാണ് ഉത്ര വധക്കേസിലെ സുപ്രധാനമായ തെളിവായി കോടതിക്ക് മുന്നില്‍ നില്‍ക്കുന്നത്.
കൊല്ലപ്പെട്ട ഉത്രയോളം ഭാരമുള്ള ഡമ്മിയിലാണ് മൂന്നു മൂര്‍ഖന്‍ പാമ്പുകളെ ഉപയോഗിച്ച് പോലീസ് പരിശോധന നടത്തിയത്.
കട്ടിലില്‍ കിടത്തിയിരുന്ന ഡമ്മിയിലേക്ക് പാമ്പിനെ കുടഞ്ഞിട്ടായിരുന്നു ആദ്യ പരിശോധന. പക്ഷേ ഡമ്മിയില്‍ പാമ്പ് കൊത്തിയില്ല. പിന്നീട് ഡമ്മിയുടെ വലം കൈയില്‍ കോഴിയിറച്ചി കെട്ടിവച്ച ശേഷം പാമ്പിനെ പ്രകോപിപ്പിച്ചു.
എന്നിട്ടും പാമ്പ് കടിച്ചില്ല. ഇറച്ചി കെട്ടിവച്ച ഡമ്മിയുടെ വലം കൈ കൊണ്ട് പാമ്പിനെ തുടര്‍ച്ചയായി അമര്‍ത്തി നോക്കി. അപ്പോള്‍ മാത്രമായിരുന്നു പാമ്പ് ഡമ്മിയില്‍ കടിച്ചത്.
ഈ കടിയില്‍ ഇറച്ചി കഷണത്തിലുണ്ടായ മുറിവില്‍ പാമ്പിന്റെ പല്ലുകള്‍ക്കിടയിലുണ്ടായ അകലം 1.7 സെന്റീമീറ്ററാണെന്നും വ്യക്തമായി.
പിന്നീട് പാമ്പിന്റെ ഫണത്തില്‍ മുറുക്കെ പിടിച്ച് ഡമ്മിയില്‍ കടിപ്പിച്ചു. ഈ കടിയില്‍ പല്ലുകള്‍ക്കിടയിലെ അകലം രണ്ടു സെന്റീ മീറ്ററിലധികമായി ഉയര്‍ന്നു.
ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവിലും പാമ്പിന് പല്ലുകള്‍ക്കിടയിലെ അകലം രണ്ടു മുതല്‍ രണ്ട് ദശാംശം എട്ട് സെന്റീമീറ്റര്‍ വരെയായിരുന്നു.
ഒരാളെ സ്വാഭാവികമായി പാമ്പ് കടിച്ചാലുണ്ടാകുന്ന മുറിവില്‍ പാമ്പിന്റെ പല്ലുകള്‍ തമ്മിലുള്ള അകലം എപ്പോഴും രണ്ടു സെന്റി മീറ്ററില്‍ താഴെയായിരിക്കും.
എന്നാല്‍ ഫണത്തില്‍ പിടിച്ച് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചതിനാലാണ് ഉത്രയുടെ ശരീരത്തില്‍ കണ്ട മുറിവുകളിലെ പാമ്പിന്റെ പല്ലുകള്‍ക്കിടയിലുള്ള അകലം ഇതിലും ഉയര്‍ന്നത്.