വലിയ അപകടമോ, ഞെട്ടിക്കുന്ന അനുഭവമോ ഉണ്ടാവുമ്പോൾ ചിലർക്ക് ഹൃദയാഘാതം ഉണ്ടാവാറുണ്ട്. എന്നാൽ ലോസ് ഏഞ്ചലസിൽ നടന്ന സംഭവം അതിനുമപ്പുറമാണ്.
ചില സിനിമകളിൽ കണ്ടിട്ടുള്ള സംഭവങ്ങളാണ് ലോസ് ഏഞ്ചലസിനെ കെക്ക് ആശുപത്രിയിൽ നടന്നത്. ഇവിടുത്തെ ഒരു രോഗിക്ക് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കാൻ പോകുകയാണ്.
ഹൃദയം മറ്റൊരു സ്ഥലത്തുനിന്നാണ് കൊണ്ടുവരുന്നത്. അതും ഹെലികോപ്റ്ററിൽ. അഗസ്റ്റ വെസ്റ്റ് ലാൻഡ് AW109 എന്ന മെഡിക്കൽ ഹെലികോപ്റ്ററാണ് ഹൃദയവുമായി എത്തുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം 3.15ഒാടെ ഹെലികോപ്റ്റർ ആശുപത്രിക്ക് മുകളിലെത്തി. പക്ഷെ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. ഹെലിപാഡിന് അടുത്തുതന്നെ ഹെലികോപ്റ്റർ മറിഞ്ഞുവീണു.
രക്ഷാപ്രവർത്തകർ ഒാടിയെത്തി. വലിയ അപകടമായിരുന്നെങ്കിലും തീപിടുത്തമൊന്നും സംഭവിക്കാത്തതുകൊണ്ട് കാര്യമായ കുഴപ്പം ആർക്കും ഉണ്ടായില്ല. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഹൃദയം സുരക്ഷിതമായിരുന്നു. രക്ഷാപ്രവർത്തകർ ഇത് ഒരു ഡോക്ടറെ ഏൽപ്പിച്ചു.
സംഭവം ഇവിടെകൊണ്ടും അവസാനിച്ചില്ല. ഹൃദയവുമായി മുന്നോട്ടു നീങ്ങിയ ഡോക്ടർ കാലുതട്ടി വീണു. ഹൃദയമടങ്ങിയ ബോക്സ് കൈയിൽ നിന്ന് തെറിച്ചുപോയി.
പിന്നാലെ എത്തിയ മറ്റൊരു ഡോക്ടർ അതുമായി നേരെ ഒാപ്പറേഷൻ തിയറ്ററിലേക്ക് പോയി. ശസ്്ത്രക്രിയ വിജയകരമായിരുന്നെന്നാണ് ആശുപത്രി അധികൃതർ പുറത്തുവിടുന്ന വിവരം.
ഇത്രയും ദുർഘട സാഹചര്യത്തിലൂടെ എത്തിയ ഹൃദയം സ്വീകരിച്ചയാളുടെ വിവരം ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.