എം.സുരേഷ്ബാബു
തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ മൊബൈൽ ഫോണ് കെണിയിൽപ്പെടുത്തി അപമാനിച്ച് രാജിവയ്പ്പിച്ചത് ചാനൽ ഒരുക്കിയ കെണിയാണെന്ന് ഉഴവൂർ വിജയൻ. ചാനലിന്റെ ഭാഗത്ത് നിന്നും മന്ത്രിക്കെതിരെ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് ഉറപ്പാണ്. ജൂഡീഷ്യൽ അന്വേഷണത്തിലൂടെ സത്യം പുറത്ത് വരുമെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ രാഷ്ട്രദീപികയോട് പറഞ്ഞു.
ചാനലിന്റെ തെറ്റായ നടപടികളിൽ ജനങ്ങൾക്ക് രോഷമുണ്ട്. അതിന്റെ പ്രതിഫലനമാണ് ഇന്നലെ നടന്ന ഒരു ചർച്ചയിൽ ജനങ്ങളുടെ ഭാഗത്ത് നിന്നും ചാനൽ മേധാവിക്ക് അനുഭവിക്കേണ്ടി വന്നത്. ചാനലിന്റെ നടപടി അഹങ്കാരവും ധിക്കാരവും നിറഞ്ഞതാണെന്നും എക്കാലത്തും ജനങ്ങളെ വിഡ്ഡികളാക്കാമെന്ന് അവർ കരുതുന്നുവെങ്കിൽ അതൊന്നും ഇനി വിലപ്പോവില്ലെന്നും ഉഴവൂർ വിജയൻ പറഞ്ഞു.
ശശീന്ദ്രനെതിരായ ആരോപണത്തിൽ അന്വേഷണം പൂർത്തിയായി അദ്ദേഹത്തിനെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് തെളിഞ്ഞാൽ വീണ്ടും മന്ത്രിസ്ഥാനത്ത് നിയോഗിക്കുമെന്നും ഉഴവൂർ വിജയൻ രാഷ്ട്രദീപികയോട് പറഞ്ഞു. പുതിയ മന്ത്രിയായി പാർട്ടി തീരുമാനിച്ച തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ എൽഡിഎഫ് തീരുമാനം വന്നാൽ ഉടനെ തന്നെ ഉണ്ടാകുമെന്നും ഉഴവൂർ വിജയൻ പറഞ്ഞു. അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കാനും കേരള സമൂഹത്തിന് മുന്നിൽ ശശീന്ദ്രന്റെ നിരപരാധിത്വം തെളിയിക്കാൻ പാർട്ടി ഒറ്റക്കെട്ടായി പിന്തുണ നൽകുമെന്നും ഉഴവൂർ വിജയൻ വ്യക്തമാക്കി.