കോട്ടയം: ഇന്നലെ അന്തരിച്ച എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ (62) സംസ്കാരം ഇന്നുച്ചയ്ക്ക് 12ന് ഉഴവൂർ കുറിച്ചിത്താനത്തുള്ള വീട്ടുവളപ്പിൽ പൂർണ ഒൗദ്യോഗിക ബഹുമതികളോടെ നടക്കും. ഉദരരോഗത്തെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ രാവിലെ 6.45നായിരുന്നു മരണം. കൊച്ചിയിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക് കോട്ടയത്ത് എത്തിച്ച മൃതദേഹം തിരുനക്കര മൈതാനത്തും വൈകുന്നേരം കുറിച്ചിത്താനം കെ.ആർ.നാരായണൻ സ്കൂളിലും പൊതുദർശനത്തിനു വച്ചശേഷം കുറിച്ചിത്താനത്തെ വസതിയിലെത്തിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, എൻസിപി ദേശീയ പ്രസിഡന്റ് ശരത് പവാർ തുടങ്ങിയവർ സംസ്കാരചടങ്ങിൽ പങ്കെടുക്കും. നർമം തുളുന്പുന്ന പ്രസംഗചാതുരി കൊണ്ടും സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനം കൊണ്ടും കേരളമെങ്ങും അറിയപ്പെട്ട രാഷ്്ട്രീയ നേതാവായിരുന്നു ഉഴവൂർ വിജയൻ.ഉഴവൂർ കുറിച്ചിത്താനം കാരാംകുന്നേൽ വീട്ടിൽ ഗോവിന്ദൻനായരുടെയും ലക്ഷ്മിക്കുട്ടിയുടെയും മകനായി 1952 മാർച്ച് 20നാണ് ഉഴവൂർ വിജയന്റെ ജനനം. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിലെ പഠനകാലത്ത് കെഎസ്യു പാനലിൽ കോളജ് യൂണിയൻ ചെയർമാനും യൂണിവേഴ്സിറ്റി യൂണിയൻ കൗണ്സിലറുമായിരുന്നു.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരിക്കെ കോണ്ഗ്രസ് പിളർപ്പുകാലത്ത് എ.കെ. ആന്റണി, വയലാർ രവി, പിസി ചാക്കോ എന്നിവർക്കൊപ്പം കോണ്ഗ്രസ് -എസിലേക്കു ചേക്കേറി. പ്രമുഖ നേതാക്കൾ കോണ്ഗ്രസ്-ഐയിലേക്കു മടങ്ങിയിട്ടും വിജയൻ കോണ്ഗ്രസ് -എസിൽതന്നെ തുടർന്നു. കോണ്ഗ്രസ് -എസ് ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു. 1999ൽ എൻസിപി സ്ഥാപിതമായപ്പോൾ അതിൽചേർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും 2015 മുതൽ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു വരുകയായിരുന്നു.
പ്രഥമ കോട്ടയം ജില്ലാ കൗണ്സിലിൽ അംഗമായിരുന്ന ഉഴവൂർ വിജയൻ 2001ൽ പാലായിൽ കെ.എം. മാണിക്കെതിരെ ഇടതുസ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. വികലാംഗ ക്ഷേമ കോർപറേഷൻ് ചെയർമാൻ, മലിനീകരണ നിയന്ത്രണ ബോർഡംഗം എന്നീ പദവികൾ വഹിച്ചു. ഭാര്യ ചന്ദ്രമണി ( റിട്ട. ടീച്ചർ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ, തൊടുപുഴ), മക്കൾ: വന്ദന (ദന്തൽ ബിരുദാനന്തര ബിരുദ വിദ്യാർഥി) വർഷ (വിദ്യാർഥി സെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂർ).
ഉഴവൂർ വിജയനു തുല്യം ഉഴവൂർ വിജയൻ മാത്രം
കോട്ടയം: രാഷ്ട്രീയ എതിരാളികളെ തന്റെ നർമത്തിലൂടെ ആക്രമിക്കുന്പോഴും അവരോടൊക്കെ വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്നയാളാണ് ഉഴവൂർ വിജയൻ. രാഷ്ട്രീയത്തിൽ പലർക്കും കാത്തുസൂക്ഷിക്കാൻ കഴിയാത്ത ഇത്തരം വിലയ സുഹൃത്ബന്ധത്തിന് ഉടമയായിരുന്നു ഉഴവൂർ വിജയൻ. ‘ചിരിക്കുന്നവർക്ക് ആയുസു കൂടുതൽ കിട്ടും’- ഉഴവൂർ വിജയൻ പലപ്പോഴും പറഞ്ഞിരുന്ന കമന്റ് സ്വന്തം ജീവിതത്തിൽ തിരിച്ചാണ് സംഭവിച്ചത്.
രണ്ടു മാസം മുന്പ് കോട്ടയം പ്രസ് ക്ലബിൽ പത്രസമ്മേളനത്തിനുശേഷം മാധ്യമ സുഹൃത്തുക്കളോടു ചിരിക്കൂ, പിണങ്ങാൻ സമയമില്ലെന്നു പറഞ്ഞിറങ്ങിയ വിജയൻ കഴിഞ്ഞ മാസം രോഗത്തിനു കീഴടങ്ങുകയായിരുന്നു. പ്രമേഹത്തിലും വയറ്റിൽ നീർക്കെട്ടിലും തുടങ്ങിയ രോഗം മരണത്തിലേക്ക് നയിച്ചു.ചിരിയുടെ മാലപ്പടക്കവുമായി ഇനി ഉഴവൂർ വിജയൻ വേദികളിലും ചാനൽ ചർച്ചകളിലും പത്രസമ്മേളനങ്ങളിലും എത്തില്ല. ഓർത്തോർത്തു ചിരിക്കാൻ വക നൽകുന്ന ഫലിതങ്ങളുടെ രാഷ്ട്രീയവർത്തമാനങ്ങളുമായി വിജയൻ പ്രേക്ഷകരെ കൈയിലെടുത്തിരുന്നു.
ഏറെക്കാലവും ഇടതുപക്ഷം ചേർന്നു നീങ്ങിയ വിജയന് ഇടതു മാത്രമല്ല വലതു രാഷ്ട്രീയത്തിലും ശത്രുക്കൾ കുറവായിരുന്നു. കാസർഗോഡു മുതൽ പാറശാല വരെ അദ്ദേഹം പ്രസംഗിക്കാത്ത വേദികളില്ല. തെരഞ്ഞെടുപ്പു സമയത്ത് ദിവസം എട്ടും പത്തും വേദികളിൽ വിജയന്റെ പ്രസംഗം പതിവായിരുന്നു. ആളെക്കൂട്ടാനും ആളെ പിടിച്ചിരുത്താനും പറ്റിയ ഫലിത ബിന്ദുക്കളുടെ സ്റ്റോക്ക് എക്കാലവും വിജയന്റെ നാവിൻതുന്പിലുണ്ടാകും.
സോളാർ സമരത്തിന്റെ ഭാഗമായി ഇടതുമുന്നണിയുടെ സെക്രട്ടറിയേറ്റ് വളയൽ സമര സമയത്തും കിടിലൻ ചിരി നന്പരുകളുമായി ചാനലുകളിൽ ഉഴവൂർ വിജയൻ സജീവമായിരുന്നു. പൊതുവേ ചിരിയോടു മമതയില്ലാത്ത പിണറായി വിജയനും ഉഴവൂർ വിജയന്റെ പ്രസംഗത്തിൽ പൊട്ടിച്ചിരിച്ചിട്ടുണ്ട്. സമകാലിക രാഷ്ട്രീയ സാമൂഹിക സംഭവങ്ങളെയെല്ലാം അദ്ദേഹം നർമം കലർന്ന വിമർശനത്തോടെയാണ് അവതരിപ്പിച്ചിരുന്നത്.
2001 ൽ പാലായിൽ കെ.എം. മാണിക്കെതിരെ നിയമസഭയിൽ മത്സരിച്ചു തോറ്റപ്പോൾ വിജയന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. തെരഞ്ഞെടുപ്പ് മരണം ബെൻസ് (കെ.എം. മാണി) ഇടിച്ചായിരുന്നു, ഓട്ടോ ഇടിച്ചായിരുന്നില്ലല്ലോ എന്നാണ്. തന്റെ പ്രസ്താവനകൾ പ്രസിദ്ധീകരിക്കാതെ വന്ന ഒരു പത്രാധിപരെ വിജയൻ ഒരിക്കൽ ഫോണിൽ വിളിച്ചു. ഉമ്മൻചാണ്ടിക്കു എല്ലാ പേജിലും കൊടുക്കുന്ന ‘ഉ’ വിൽ മിച്ചം വരുന്ന ഒരു ‘ഉ’ ഉഴവൂരിനു തരുമോ എന്നായിരുന്നു ചോദ്യം.
കോട്ടയത്തും പാലായിലും വിശാലമായ സൗഹൃദമായിരുന്നു ഉഴവൂർ വിജയനുണ്ടായിരുന്നത്. മാധ്യമപ്രവർത്തകരുമായി എപ്പോഴും ഉൗഷ്മളബന്ധം തുടർന്നുപോന്ന വിജയൻ കോട്ടയം പ്രസ് ക്ലബിൽ മാസം ഒന്നും രണ്ടും പത്രസമ്മേളനങ്ങൾ നടത്തിയിരുന്നു. കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾക്ക് അതിനേക്കാൾ മൂർച്ചയുള്ള മറുപടി നൽകാൻ അപാരമായിരുന്നു അദ്ദേഹത്തിനു കഴിവ്.
ഇ.കെ.നായനാർക്കും, ലോനപ്പൻ നന്പാടനും ടി.കെ.ഹംസയ്ക്കും ശേഷം നാടൻ വാക്കുകളും നാട്യങ്ങളുമില്ലാത്ത പ്രസംഗവുമായി മലയാളികളെ ഇത്രയധികം ചിരിപ്പിച്ച മറ്റൊരു നേതാവില്ല. ഇപ്പോഴത്തെ ഇടതുപക്ഷ മന്ത്രിസഭ അധികാരമേൽക്കാനൊരുങ്ങുന്പോൾ വിഎസോ പിണറായിയോ മുഖ്യമന്ത്രിയെന്ന അഭ്യൂഹങ്ങൾ നിറഞ്ഞു നിൽക്കുന്ന സമയം. അതിന് ഉഴവൂർ ഒരിക്കൽ നൽകിയ മറുപടി ഇങ്ങനെ. ‘മലപ്പുറത്ത് പോയപ്പോൾ എല്ലാ പത്രക്കാരും എന്നോട് ചോദിച്ചു, ആരാകും മുഖ്യമന്ത്രിയെന്ന്, ഞാനപ്പോഴെ പറഞ്ഞു,
ഞാനാകുന്നില്ല, നിങ്ങൾ എഴുതിക്കോ എന്ന്’. ഏത് സംഘർഷസാഹചര്യത്തെയും നർമം കൊണ്ടും ലളിതസുന്ദരമായ പെരുമാറ്റംകൊണ്ടും ലഘൂകരിക്കാൻ വിജയന് അപാരമായിരുന്നു കഴിവ്. രണ്ടു മാസം മുന്പാണ് അദ്ദേഹം ഒടുവിലായി പത്രസമ്മേളനത്തിനെത്തിയത്. അന്നും നർമത്തിന്റെ ഭാഷയിലാണ് സംസാരിച്ചിരുന്നത്. എടിഎമ്മുകളിൽ പണമില്ലെങ്കിൽ അവ ഇ-ടോയ്ലെറ്റുകളാക്കി മാറ്റണമെന്നായിരുന്നു അന്ന് ഉഴവൂർ വിജയൻ നർമരസത്തിൽ പറഞ്ഞത്. എല്ലാ ചാനലുകളുടെയും വൈകുന്നേരങ്ങളിലെ രാഷ്്ട്രീയ ആക്ഷേപ ഹാസ്യത്തിൽ ഏറ്റവും കൂടുതൽ വിജയന്റെ തമാശകളാണ് വന്നിരുന്നത്.
രാഷ്ട്രീയക്കാരൻ എന്നതിനുപുറമേ കലാകാരനുമായിരുന്നു ഉഴവൂർ വിജയൻ. പഠനകാലത്ത് നാടകാഭിനിയത്തിലൂടെയായിരുന്നു അദ്ദേഹം കലാരംഗത്ത് എത്തിയത്. തുടർന്ന് നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു. മേലേപ്പറന്പിൽ ആണ്വീട്, സിഐഡി ഉണ്ണികൃഷ്ണൻ, ജനം, ആലിബാബയും ആറര കള്ളൻമാരും, കെകെ റോഡ് തുടങ്ങിയ സിനിമകളിലൊക്കെ വിജയൻ ചെറിയ വേഷങ്ങളണിഞ്ഞു. ഇറങ്ങുന്ന എല്ലാ സിനിമകളും കണ്ടിരുന്ന വിജയന്റെ പ്രസംഗത്തിൽ കൂടുതൽ സിനിമാ ഡയലോഗുകളായിരുന്നു.
അധികാരമോഹം വിജയനുണ്ടായിരുന്നില്ല. കോട്ടയം ജില്ലയുടെ പ്രഥമ ജില്ലാ കൗണ്സിൽ അംഗമായതും അച്യുതാനന്ദൻ ഗവണ്മെന്റിന്റെ കാലത്ത് വികലാംഗക്ഷേമ കോർപറേഷന്റെ ചെയർമാനായതുമായിരുന്നു ഉഴവൂർ വിജയൻ വഹിച്ച പദവികൾ. നാട്ടുകാരൻ കൂടിയായ മുൻ രാഷ്്ട്രപതി കെ.ആർ.നാരായണനുമായി മികച്ച ഒരു സൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു.
കെ.ആർ.നാരായണന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിതമായി കെ.ആർ.നാരായണൻ ഫൗണ്ടേഷന്റെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു വരുകയായിരുന്നു. പുതിയ രാഷ്ട്രപതി സ്ഥാനമേൽക്കുന്ന 25ന് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്ന മുൻ രാഷ്ട്രപതി കെ.ആർ.നാരായണനേക്കുറിച്ചുള്ള പ്രത്യേക പരിപാടിയുടെ അവതാരകനും ഉഴവൂർ വിജയനായിരുന്നു.