ആലപ്പുഴ: ജില്ലയിൽ എൻസിപിയിൽ ഭിന്നത രൂക്ഷം. മാണി സി കാപ്പനെ അനുകൂലിക്കുന്ന ജില്ലാ പ്രസിഡന്റിനെ ഉഴവൂർ വിജയനെ അനുകൂലിക്കുന്ന വിഭാഗം പുറത്താക്കി പുതിയ ജില്ലാ പ്രസിഡന്റിനെയും ജില്ലാ കമ്മറ്റിയെയും പ്രഖ്യാപിച്ചു.
എൻസിപി ജില്ലാ പ്രസിഡന്റ് എൻ സന്തോഷ് കുമാറിനെയാണ് ഉഴവൂർ വിജയനെ പിൻതുണയ്ക്കുന്ന വിഭാഗം പുറത്താക്കിയത്.
എൻസിപി സംസ്ഥാന പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് ചില നിയോജക മണ്ഡലം പ്രസിഡന്റുമാരെ രഹസ്യമായി വിളിച്ചുചേർത്ത് ഒപ്പു ശേഖരണം നടത്തിയതിനാണ് പ്രസിഡന്റിനെ പുറത്താക്കിയതെന്നാണ് ഉഴവൂർ വിഭാഗം പറയുന്നത്. വിഭാഗീയ പ്രവർത്തനങ്ങൾക്ക് ജില്ലാ പ്രസിഡന്റ് കൂട്ടുനിന്നതായും ഒരു വിഭാഗം ജില്ലാ ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാരും പങ്കെടുത്ത യോഗം ആരോപിച്ചു.
കഴിഞ്ഞദിവസം കുട്ടനാട് നിയോജക മണ്ഡലം പുനസംഘടനയും ഇരുവിഭാഗങ്ങളും വെവ്വേറെ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജില്ലാ പ്രസിഡന്റിനെ ഒരു വിഭാഗം പുറത്താക്കിയിരിക്കുന്നത്. എൻസിപി കുട്ടനാട് മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ റോജോ ജോസഫിനെയാണ് ഉഴവൂർ വിഭാഗം പ്രസിഡന്റായി തെരഞ്ഞെടുത്തത്.
കെ. വേണുഗോപാൽ, എസ്. ഷാജഹാൻ, എൻ. ചന്ദ്രശേഖരൻ, കെ.ജി. റാംമോഹൻ- വൈസ് പ്രസിഡന്റുമാർ, ബാബു പാറക്കാടൻ, കെ.ആർ. ശ്രീകുമാർ, എസ്. ഹരികുമാർ, കെ. അനിൽ, സുഭാഷ് മംഗലശേരി- ജനറൽ സെക്രട്ടറിമാർ, എൻ. വേണു- ട്രഷറർ എന്നിവരടങ്ങിയ 25 അംഗ ജില്ലാ കമ്മറ്റിയെയും തെരഞ്ഞെടുത്തു.