കൊച്ചി: എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ(60) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം ഞായറാഴ്ച വൈകിട്ട് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിനുവച്ചശേഷം സംസ്കരിക്കും.
പ്രമേഹം മൂലം കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഒരുമാസമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിജയനെ ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
കോട്ടയം കുറിച്ചിത്താനം കാരാംകുന്നേൽ ഗോവിന്ദൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏകമകനാണ്. വള്ളിച്ചിറ നെടിയാമറ്റത്തിൽ ചന്ദ്രമണിയമ്മയാണ് ഭാര്യ. വന്ദന, വർഷ എന്നിവർ മക്കൾ. രമണി സഹോദരിയാണ്.