കോട്ടയം: ജില്ലയിലെ ഉഴവൂർ പഞ്ചായത്തിനെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. വിദേശത്തു നിന്ന് ഇവിടെയെത്തിയ യുവതിക്കും കുട്ടിക്കും കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. റെഡ് സോണായ ജില്ലയിൽ പൊതുവേ നിലവിലുള്ള നിയന്ത്രണങ്ങളായിരിക്കും ഇവിടെയും ബാധകമാകുക.
ജില്ലയിൽ നിലവിലുണ്ടായിരുന്ന കണ്ടെയൻറ്മെൻറ് സോണുകൾ ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം മുനിസിപ്പാലിറ്റിയിലെ രണ്ട്, 18 വാർഡുകൾ, മണർകാട് പഞ്ചായത്തിലെ 10,16 വാർഡുകൾ, പനച്ചിക്കാട് പഞ്ചായത്തിലെ 16-ാം വാർഡ്, വെള്ളൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് എന്നിവയാണ് കണ്ടെയ്ൻമെൻറ് സോണുകളുടെ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത്.
പ്രതിരോധ നടപടികൾ ശക്തമാക്കും
ഇടവേളയ്ക്കുശേഷം രണ്ടു കോവിഡ് കേസുകൾ ജില്ലയിൽ റിപ്പോർട്ട ചെയ്തോതൊടെയും വിദേശ രാജ്യങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ആളുകൾ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രാദേശികതലത്തിൽ കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കാൻ തീരുമാനിച്ചു.
സർക്കാർ നിർദേശമനുസരിച്ച് വാർഡുതല നിരീക്ഷണ സമിതികളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്ന തദ്ദേശഭരണസ്ഥാപന തലത്തിലുള്ള സമിതികളുടെയും കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കും.
വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുന്നതിനും അതുവഴി രോഗവ്യാപനം തടയുന്നതിനും പ്രാദേശിക ജനകീയ സമിതികൾ അതീവ ജാഗ്രത പുലർത്തണം.
ക്വാറന്റയിനിൽ കഴിയുന്നവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അതോടൊപ്പം അവർ മറ്റുള്ളവരുമായി സന്പർക്കത്തിൽ ഏർപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്നത് പ്രാദേശിക നിരീക്ഷണ സംവിധാനത്തിനാണ് .
മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയിൽ തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. സുരേഷ് കുറുപ്പ്, ഡോ. എൻ. ജയരാജ്, മോൻസ് ജോസഫ്, പി.സി. ജോർജ്, സി.കെ. ആശ, കളക്ടർ പി.കെ. സുധീർ ബാബു, ജില്ലാ പോലീസ് ചീഫ് ജി. ജയദേവ് തുടങ്ങിയവർ പങ്കെടുത്തു. ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരുമായി മന്ത്രി വിഡിയോ കോണ്ഫറൻസിംഗും നടത്തി.