മസ്കറ്റ്: കഴിഞ്ഞ വർഷം മാർച്ചിൽ യെമനിൽനിന്നു ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു നിർണായക പങ്കുവഹിച്ചത് ഒമാൻ സർക്കാർ. ഇന്നലെ രാവിലെ ഒമാൻ സമയം രാവിലെ 8.50നാണ് യെമനിലെ അൽ മുഖാലയിൽനിന്നു ഫാ. ടോമിനെ മോചിപ്പിച്ചത്. ഒമാൻ സർക്കാരിന്റെ റോയൽ എയർഫോഴ്സ് വിമാനത്തിലാണ് അദ്ദേഹത്തെ അവിടെനിന്നു കൊണ്ടുവന്നത്. ഫാ. ടോം രണ്ടു മണിക്കൂറിനുശേഷം പ്രത്യേക വിമാനത്തിൽ റോമിലേക്കു പുറപ്പെട്ടു.
അറേബ്യൻ വികാരിയാത്തിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ ചൊവ്വാഴ്ച ഉച്ചയോടെ ഫാ. ടോം ഉഴുന്നാലിൽ മോചിക്കപ്പെട്ടതായി അറേബ്യൻ വികാരിയാത്ത് ബിഷപ് മാർ പോൾ ഹിൻഡർ സ്ഥിരീകരിച്ചു. മോചനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച എല്ലാവർക്കും പ്രാർഥനാസഹായം നൽകിയവർക്കും ബിഷപ് നന്ദി അറിയിച്ചു. മാസങ്ങൾ മുന്പു മോചിപ്പിക്കൽ സംബന്ധിച്ച് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഗൗരവമായ ചർച്ചകൾ നടന്നിരുന്നു. എന്നാൽ, യഥാർഥത്തിൽ മോചനം സാധ്യമായപ്പോൾ വത്തിക്കാനും ഒമാൻ ഗവൺമെന്റുമാണ് ചിത്രത്തിലുണ്ടായിരുന്നത്.
മോചനവാർത്ത പുറത്തുവിട്ടത് ഒമാൻ ഭരണാധികാരിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒമാൻ ഡെയിലി ഒബ്സർവർ പത്രത്തിന്റെ വെബ് സൈറ്റാണ്. ഫാ. ടോം റോയൽ എയർഫോഴ്സ് വിമാനത്തിൽനിന്ന് ക്ഷീണിതനായി ഇറങ്ങിവരുന്നതും വിഐപി ലോഞ്ചിൽ നിൽക്കുന്നതുമായ ചിത്രങ്ങൾ പത്രം പുറത്തുവിട്ടു. സർക്കാരിന്റെ തന്നെ ടെലിവിഷനായ ഒമാൻ ടിവി അറബി വാർത്തയിൽ വൻ പ്രാധാന്യത്തോടെ വാർത്ത റിപ്പോർട്ട് ചെയ്തു.
യെമൻ: ഭരണകൂടം ഇല്ലാത്ത രാജ്യം
വിസ്തീർണം: 5,27,968 ചതുരശ്ര കിലോമീറ്റർ (കേരളത്തിന്റെ 14 ഇരട്ടി)
ജനസംഖ്യ: 2.74 കോടി
വടക്കൻ യെമനും തെക്കൻ യെമനും 1990-ൽ ഒന്നിച്ചാണ് ഇന്നത്തെ യെമൻ രൂപംകൊണ്ടത്. എങ്കിലും ഗോത്രവർഗ കലാപങ്ങൾ തുടർന്നു. പിന്നീട് വിവിധ ഇസ്ലാമിക തീവ്രവാദ-ഭീകരഗ്രൂപ്പുകൾ ഇവിടെ വേരുറപ്പിച്ചു. ഇപ്പോൾ യെമൻ സർക്കാരിനു രാജ്യത്തു കുറേ ഭാഗത്തു മാത്രമേ സ്വാധീനമുള്ളൂ. വടക്കുപടിഞ്ഞാറ് ഹൗതി വർഗക്കാരായ ഷിയാ മുസ്ലിം വിമതർ, തെക്ക് വിഭജനവാദികളായ ഗോത്രവർഗക്കാർ, കിഴക്ക് അറേബ്യൻ ഉപദ്വീപിലെ അൽക്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികൾ എന്നിവയാണു സ്വാധീനമുറപ്പിച്ചത്. പിന്നീട് ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) അൽക്വയ്ദയെ പിന്തള്ളി.
സേവ്യർ കാവാലം
ഒമാൻ സർക്കാരിന്റെ പത്രക്കുറിപ്പ്
ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ആജ്ഞപ്രകാരം ഒമാൻ, യെമനിലെ കക്ഷികളുമായി ബന്ധപ്പെട്ട് വത്തിക്കാൻ (ആവശ്യപ്പെട്ട) വൈദികനെ കണ്ടെത്തി. ഇദ്ദേഹത്തെ മസ്കറ്റിലേക്കു കൊണ്ടുവന്നിട്ടുണ്ട്. ഇവിടെനിന്ന് ഇനി സ്വദേശത്തേക്ക് അയയ്ക്കും.
ടോം ഉഴുന്നാലിൽ എന്ന വൈദികൻ സർവശക്തനായ ദൈവത്തിനു നന്ദി രേഖപ്പെടുത്തുകയും ഹിസ് മജസ്റ്റി സുൽത്താൻ ഖാബൂസിനോടു കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു. തന്റെ സുരക്ഷയ്ക്കും മോചനത്തിനുമായി പ്രാർഥിച്ച എല്ലാ സഹോദരീ സഹോദരന്മാരോടും ബന്ധുക്കളോടും മിത്രങ്ങളോടും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.