ഇസ്ലാമാബാദ്: ഭീഷണിപ്പെടുത്തി പാക്കിസ്ഥാൻ പൗരൻ വിവാഹം ചെയ്തുവെന്നാരോപിച്ച് ഇന്ത്യൻ എംബസിയിൽ അഭയംതേടിയ ഉസ്മ ഇന്ന് ഇന്ത്യയിൽ തിരിച്ചെത്തും. ബുധനാഴ്ച ഉസ്മയ്ക്കു നാട്ടിലേക്കു മടങ്ങാൻ പാക് കോടതി അനുമതി നൽകിയിരുന്നു. വാഗ അതിർത്തിവരെ യുവതിക്കു പോലീസ് സുരക്ഷ നൽകും.
ഇന്ത്യയുടെ മകൾക്ക് രാജ്യത്തേക്ക് സ്വാഗതമെന്നും പാക്കിസ്ഥാനിൽ ഉസ്മ നേരിട്ട എല്ലാ പ്രതിസന്ധികൾക്കും താൻ ക്ഷമ ചോദിക്കുന്നുവെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.
ന്യൂഡൽഹി സ്വദേശിയായ ഉസ്മ ഈ മാസം ആദ്യമാണു പാക്കിസ്ഥാനിലേക്കു പോയത്. ഇരുപതുകാരിയായ ഉസ്മ മലേഷ്യയിൽ വച്ച് താഹിർ അലി എന്നയാളെ പരിചയപ്പെട്ടതാണു സംഭവങ്ങളുടെ തുടക്കം.
തുടർന്ന് ഈ മാസം മൂന്നിനു പാക്കിസ്ഥാനിൽ വച്ച് വിവാഹം നടത്തുന്നതിനു താഹിർ നിർബന്ധിച്ചു. ഇതനുസരിച്ച് ഖൈബർ-പക്തൂൺക്വ പ്രവിശ്യയിലെ ഉൾപ്രദേശമായ ബുനെറിലൂടെ മേയ് ഒന്നിന് ഉസ്മ പാക്കിസ്ഥാനിലെത്തി. മേയ് മൂന്നിന് വിവാഹവും നടത്തി. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹത്തിനു നിർന്ധിച്ചുവെന്നാരോപിച്ച് പിന്നീട് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ അഭയം തേടുകയായിരുന്നു ഉസ്മ.