ന്യൂഡൽഹി: പുതുതായി ചെയർമാൻ സ്ഥാനം ഏറ്റെടുത്ത നന്ദൻ നിലേകനി ഇൻഫോസിസിൽ തന്റെ കാലാവധി പൂർത്തിയാകുംവരെ നിൽക്കണമെന്ന് മുൻ സിഎഫ്ഒ വി. ബാലകൃഷ്ണൻ. ഇനിയൊരു വീഴ്ചയുണ്ടാകാത്ത വിധത്തിൽ പ്രൊഫഷണലായി കമ്പനിയെ നയിക്കാൻ നിലേകനിക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇൻഫോസിസിലെ ഉള്ളുകളികൾക്കെതിരേ ശക്തമായി ശബ്ദമുയർത്തിയവരിൽ ഒരാളാണ് ബാലകൃഷ്ണൻ. നല്ല ചെയർമാനായി കമ്പനിയെ നയിക്കാനാണ് നിലേകനി ഇനി ശ്രദ്ധിക്കേണ്ടത്. ഭാവിയിൽ കമ്പനി വിടുന്പോൾ ബോർഡ് സുരക്ഷിതമായ കൈകളിലാണ് ഏൽപ്പിച്ചതെന്ന് തെളിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു മൂന്നു വർഷത്തെ കാലാവധിക്കുള്ളിൽ നിരവധി കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്.
ബോർഡ് പുനഃസംഘടിപ്പിക്കണം, പുതിയ സിഇഒയെ നിയമിക്കണം, ചെയർമാൻ സ്ഥാനത്തുനിന്ന് കമ്പനിയുടെ വിജയപാത രൂപീകരിക്കണം തുടങ്ങിയവയാണ് പുതിയ ചെയർമാന്റെ ആദ്യ കടമകൾ.സിഇഒ വിശാൽ സിക്കയ്ക്കു പിന്നാലെ ചെയർമാൻ ആർ. ശേഷസായിയും രാജിവച്ചതോടെയാണ് നന്ദൻ നിലേകനി ഇൻഫോസിസിന്റെ തലപ്പത്തേക്കെ ത്തിയത്.