സ്വന്തം ലേഖകൻ
തൃശൂർ: നിയമസഭാംഗമല്ലെങ്കിലും യുഡിഎഫ് മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായ കെ. മുരളീധരനെ ഏതെങ്കിലും സുരക്ഷിത മണ്ഡലത്തിൽ മൽസരിപ്പിച്ചു ജയിപ്പിക്കണം. കോണ്‍ഗ്രസിൽ, പ്രത്യേകിച്ച് ലീഡർ കെ. കരുണാകൻ നേതൃത്വം നൽകുന്ന ഐ ഗ്രൂപ്പിൽ ചർച്ചയും കൂടിയാലോചനകളും ആരംഭിച്ചു.വടക്കാഞ്ചേരിയിൽനിന്നു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അഡ്വ. വി. ബലറാം എംഎൽഎ സ്ഥാനം രാജിവച്ചു. ലീഡറുടെ മകൻ മുരളീധരനു മൽസരിക്കാൻ വഴിമാറിക്കൊടുത്തു.
അങ്ങനെ വടക്കാഞ്ചേരി നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു തുടക്കമായി. ബലറാം തന്നെയായിരുന്നു പ്രചാരണത്തിനു ചുക്കാൻ പിടിച്ച കണ്‍വീനർ. പ്രചാരണത്തിരക്കുമായി ഓടി നടക്കുകയായിരുന്ന ബലറാമിനോടു ചോദിച്ചു: ’വടക്കാഞ്ചേരി എംഎൽഎ സ്ഥാനം രാജിവച്ച് വഴിമാറിക്കൊടുത്തത് ഒരു നഷ്ടമായിപ്പോയില്ലേ? ദ്വേഷ്യം തോന്നുന്നുണ്ടോ?’
കനപ്പിച്ചൊരു നോട്ടമായിരുന്നു ആദ്യ പ്രതികരണം. ’എന്തു നഷ്ടം, എന്തിനു ദ്വേഷ്യം? രാഷ്ട്രീയത്തിൽ ലീഡർ തന്നതേ എനിക്കുള്ളൂ. ആ ലീഡർ പറഞ്ഞാ അനുസരിക്കും. അതാ ശീലം. അതിന് വിഷമമോ ദേഷ്യമോ ഇല്ല. അദ്ദേഹത്തിനു വേണ്ടിയാകുന്പോൾ ഒരു സ്ഥാനമൊഴിയാനും ബുദ്ധിമുട്ടില്ല.’ അതായിരുന്നു ബലറാം. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെന്നല്ല ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ഇത്തരത്തിൽ അധികാരമോഹം തലയ്ക്കു പിടിക്കാതെ പാർട്ടിക്കുവേണ്ടി ജീവിച്ച നേതാക്കൾ അപൂർവമാണ്.
എ.കെ. ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റ കരുണാകരന്റെ മകൻ കെ. മുരളീധരന് മത്സരിക്കാനായി കേരളത്തിൽ ഏതു മണ്ഡലം വേണമെന്ന ആലോചനകൾക്കൊടുവിൽ കരുണാകരന്റെ മനസിൽ തെളിഞ്ഞത് ഏറ്റവും സുരക്ഷിത മണ്ഡലമായിരുന്ന വടക്കാഞ്ചേരിയായിരുന്നു. ബലറാം രാജിവക്കാൻ തയാറാകുമോ എന്നു പാർട്ടിയിലെ ചുരുക്കം ചിലർക്കെങ്കിലും സംശയമുണ്ടായിരുന്നെങ്കിലും ഒരു മടിയും കൂടാതെ, പകരം സ്ഥാനം ചോദിക്കാതേയുമാണ് ബലറാം സ്ഥാനത്യാഗത്തിനു തയാറായത്.
ന്നെ ജയിപ്പിച്ച വടക്കാഞ്ചേരിയിലെ വോട്ടർമാർ മുരളീധരനേയും ജയിപ്പിക്കുമെന്ന് ബലറാം പ്രതീക്ഷിച്ചെങ്കിലും അതുമാത്രം പിഴച്ചു.2004 ഫെബ്രുവരി 11 നാണ് എംഎൽഎ അല്ലാതിരുന്ന മുരളീധരനു മത്സരിക്കാൻവേണ്ടി അഡ്വ. വി. ബൽറാം എംഎൽഎ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ വടക്കാഞ്ചേരി മണ്ഡലം ഒഴിഞ്ഞുകൊടുത്തത്. 2004 മെയ് 10 നു നടന്ന ഉപതെരഞ്ഞെടുപ്പിൽ വൈദ്യുതി മന്ത്രിയായിരുന്ന മുരളിക്കു ഷോക്കേറ്റു. കോണ്‍ഗ്രസിൽ ഗ്രൂപ്പു വൈരം കൊടുന്പിരികൊണ്ടുനിന്ന കാലം. സിപിഎമ്മിലെ എ.സി. മൊയ്തീനോട് 3715 വോട്ടിനാണു പരാജയപ്പെട്ടത്.
വി. ബലറാം കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ എംപി. പോളിയെ 9,031 വോട്ടുകൾക്ക് തോല്പിച്ച മണ്ഡലത്തിലാണ് മുരളിയുടെ അപ്രതീക്ഷിത തോൽവി.ബലറാമിനെ ചാവേറാക്കി എന്നുള്ള ആരോപണവും ചില കോണുകളിൽ അന്ന് ഉയർന്നെങ്കിലും ബൽറാം ഗൗനിച്ചില്ല. സ്ഥാനമാനങ്ങൾക്കപ്പുറമാണ് ബന്ധങ്ങളും രാഷ്ട്രീയ നിലപാടുകളും എന്ന് അദ്ദേഹം വിശ്വസിച്ചു.ജനസേവനത്തിന് അധികാരത്തിന്റെ കുപ്പായം വേണമെന്നത് തെറ്റായ ചിന്തയാണെന്നും ജനസേവകൻ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കേണ്ടവനാണെന്നുമാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കാണിച്ചുതന്നത്.
ഡിസിസി പ്രസിഡന്റായിരിക്കുന്പോഴും പിന്നീടും ബലറാം മികച്ച നേതൃപാടവമാണ് സദാ കാഴ്ചവെച്ചത്.തെറ്റു കാണുന്പോൾ അത് തെറ്റാണെന്ന് സ്വന്തം പാർട്ടിയിൽ പോലും സധൈര്യം പറയാനുള്ള ചങ്കൂറ്റം ബലറാമിനുണ്ടായിരുന്നു.വംശനാശം സംഭവിക്കുന്ന നല്ല രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തിലെ മികച്ച നേതാവാണ് ജീവിതത്തിൽ നിന്നും ഇപ്പോൾ സ്ഥാനമൊഴിഞ്ഞത്.