ഉമ്മന്ചാണ്ടി അനുസ്മരണത്തിനിടെ മൈക്ക് കേടായ സംഭവത്തില് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കേസ് എടുത്തു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ഒന്നാം പ്രതി മൈക്ക്, രണ്ടാം പ്രതി ആപ്ലിഫയര്, ഇത്രയും വിചിത്രമായ ഒരു കേസ് കേരളത്തിന്റെയോ രാജ്യത്തിന്റേയോ ചരിത്രത്തില് ഉണ്ടായിട്ടുണ്ടോ എന്നും സതീശന് പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് കുറേ ആളുകള് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, മുഖ്യമന്ത്രി അറിഞ്ഞു കൊണ്ട് ഇത്തരത്തില് ഒരു അബദ്ധം കാണിക്കുമോ എന്നും ചോദിച്ചു.
‘മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറി അടക്കമുള്ളവരാണ് പോലീസ് ഭരിക്കുന്നത്. കേസെടുക്കുന്നത് അവര്ക്കൊരു ഹോബിയാണ്. കേസെടുത്ത് കേസെടുത്ത് മതിയാകാതെ വന്നപ്പോഴാണ് ഇപ്പോള് അവര് മൈക്കിന് എതിരായിട്ടും ആംപ്ലിഫയറിനെതിരായിട്ടും കേസെടുത്തിരിക്കുന്നത്. ചിരിപ്പിച്ച് ചിരിപ്പിച്ച് ജനങ്ങളെ കൊല്ലല്ലേ’ എന്നും വി.ഡി. സതീശന് പറഞ്ഞു.
കേസെടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസില് നിന്ന് പറഞ്ഞിട്ടാണെന്ന് ആരോപിച്ച അദ്ദേഹം, എ.ഡി.ജി.പിയുടെ നേതൃത്വത്തില് മൈക്കിന് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കാന് സ്പെഷ്യല് ഇന്വെസ്റ്റിഗേഷന് ടീമിനെ വെക്കട്ടെ എന്നും സതീശന് പരിഹസിച്ചു.