പാലക്കാട്: ചുവപ്പുകോട്ടയെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്ന പാലക്കാട്ട് വി.കെ ശ്രീകണ്ഠന്‍ നേടിയ വിജയം പാലക്കാട്ടുകാരെ മാത്രമല്ല മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇതെങ്ങനെ സംഭവിച്ചു എന്നു എല്ലാവരും ചോദിക്കുമ്പോഴും ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് ഇതിന് കാരണമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ശ്രീകണ്ഠന്‍. ഇടതിന്റെ ഉരുക്കുകോട്ടയെന്ന ഭീതിയില്‍ ഷാഫി പറമ്പില്‍ അടക്കമുള്ള പ്രമുഖര്‍ പലരും പിന്മാറിയപ്പോഴാണ് ശ്രീകണ്ഠന് അവസരം കൈവന്നത്. പ്രചരണം നടത്തിയപ്പോഴും പലര്‍ക്കും സംശയം മാറിയിട്ടില്ലായിരുന്നു. എന്നാല്‍ ശ്രീകണ്ഠന് ഉറപ്പായിരുന്നു ഇത്തവണ ഇടതു കോട്ട പൊളിക്കാം എന്നത്. പറഞ്ഞതു പോലെതന്നെ ശ്രീകണ്ഠന്‍ വിജയിച്ച് ചരിത്രം കുറിയ്ക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് കത്തുന്ന പാലക്കാടന്‍ വെയിലത്ത് ജില്ലയിലെ 88 പഞ്ചായത്തുകളിലും ഏഴു നഗരസഭകളിലുമെത്തിയ പദയാത്രയുടെ കരുത്തുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. പി ബാലന്‍ ഡി.സി.സി. പ്രസിഡന്റായിരുന്നപ്പോള്‍ നടത്തിയ ജില്ലാ പദയാത്രകഴിഞ്ഞ് നാല് പതിറ്റാണ്ടുകഴിഞ്ഞിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറ്റൊരു പദയാത്രയ്ക്കിറങ്ങിയപ്പോള്‍. ഈ യാത്രവഴി ജില്ലയുടെ മുക്കിനും മൂലയ്ക്കുമെത്തിയ ആത്മവിശ്വാസത്തോടെയായിരുന്നു ശ്രീകണ്ഠന്റെ പര്യടനം. പ്രചാരണത്തിന്റെ ആദ്യദിനങ്ങളില്‍ തണുത്ത പ്രചാരണം ചൂടാക്കാന്‍ കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കളെത്തി.
എല്ലാം ശരിയാവും എന്ന നിലപാടിലുറച്ചുനിന്ന ശ്രീകണ്ഠന്റെ ആത്മവിശ്വാസം വിജയിക്കുന്നതാണ് വ്യാഴാഴ്ച കണ്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ എം.ബി.രാജേഷിന്റെ 1,05,300 വോട്ടിന്റെ ഭൂരിപക്ഷത്തെയും മറികടന്നാണ് ശ്രീകണ്ഠന്റെ വിജയം. 1991-ല്‍ ഡി.സി.സി. പ്രസിഡന്റായിരുന്ന വി എസ്. വിജയരാഘവനുശേഷം ഇത്തവണ ശ്രീകണ്ഠന്‍ വിജയം കൈപ്പിടിയിലൊതുക്കുമ്പോള്‍ നീണ്ട 28 വര്‍ഷങ്ങള്‍ കടന്നുപോയിരുന്നു. ഇരു വിജയങ്ങളിലുമുള്ള സമാനത ഇരുവരും ജില്ലാ അധ്യക്ഷന്മാരാണെന്നതാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴില്‍ അഞ്ചു മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പമായിരുന്നു. പാലക്കാട്ടും മണ്ണാര്‍ക്കാട്ടും മാത്രമായിരുന്നു യുഡിഎഫിന് ഒപ്പം നിന്നത്. ഈ സാഹചര്യത്തില്‍ മത്സരത്തിനിറങ്ങിയ ശ്രീകണ്ഠന് ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. 1976ല്‍ പി ബാലന്‍ ജില്ലാ പദയാത്ര നടത്തിയ ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സുന്നാസാഹിബ് ജയിച്ചു. ഇടതുകോട്ടയിലെ ആദ്യ അട്ടിമറി വിജയം. പിന്നീട് വി എസ് വിജയരാഘവന്‍ വിജയം ആവര്‍ത്തിച്ചെങ്കിലും 1996 മുതല്‍ പാലക്കാട് വിജയക്കൊടി പാറിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. 43 വര്‍ഷത്തിന് ശേഷം ഡിസിസി പ്രസിഡന്റായ വി.കെ ശ്രീകണ്ഠന്‍ ജില്ലാ പദയാത്ര നടത്തിയപ്പോള്‍ ചരിത്രവും ആവര്‍ത്തിച്ചു. ഫെബ്രുവരി 19ന് ആരംഭിച്ച ജാഥ 25 ദിവസമാണ് നീണ്ടുനിന്നത്. ഇത്രയും ദിവസം കൊണ്ട് 88 പഞ്ചായത്തുകളിലും, ഏഴു നഗരസഭകളിലൂടെയുമായി 361 കിലോമീറ്റര്‍ ദൂരമാണ് ശ്രീകണ്ഠന്‍ കാല്‍നടയായി സഞ്ചരിച്ചത്. ആ യാത്ര ശ്രീകണ്ഠനെ എത്തിച്ചതാവട്ടെ പാര്‍ലമെന്റിലും.