കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മുദ്രവാക്യം വിളിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ വി.മുരളീധരനെതിരെയും മറ്റ് പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്.
നേരത്തെ, ജയരാജത്തിനെതിരായ മുദ്രാവാക്യം വിളിക്കെതിരെ സിപിഎം രംഗത്തെത്തിയിരുന്നു. “ഒറ്റക്കൈയാ ജയരാജാ മറ്റേ കൈയും കാണില്ല’ എന്ന മുദ്രാവാക്യം കൊലവിളിയാണെന്ന് ജയരാജനും പാർട്ടി നേതൃത്വവും ആരോപിച്ചിരുന്നു. ഇതിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പോലീസാണ് കേസെടുത്തത്.
ജനരക്ഷായാത്ര കൂത്തുപറമ്പിലൂടെ കടന്നു പോയപ്പോഴാണ് മുദ്രാവാക്യം വിളി ഉയർന്നത്. പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ മുരളീധരനാണ് ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തത്.