സ്വന്തം ലേഖകന്‍
കോഴിക്കോട്: വി.മുരളീധരന്റെ കേന്ദ്രമന്ത്രി പദം തല്‍ക്കാലത്തേക്കെങ്കിലും ബിജെപിയിലെ വിഭാഗയീതയ്ക്ക് അയവു വരുത്തിയേക്കും. കേരളത്തില്‍ നിന്നും ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷ പദവി പി.എസ്. ശ്രീധരന് പിള്ള ഒഴിയണമെന്നായിരുന്നു മുരളീധരന് ഉള്പ്പെടെയുള്ളപ്രമുഖ നേതാക്കളുടെ ആവശ്യം.
പകരം കെ.സുരേന്ദ്രന് ഉള്‍പ്പെടെയുള്ള മുരളീധര വിഭാഗത്തിലെ പ്രധാനികളെ അധ്യക്ഷ പദവിയിലേക്ക് നിയോഗിക്കണമെന്ന ആവശ്യമായിരുന്നു ഇവര്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ കേന്ദ്രമന്ത്രി പദം തേടി എത്തിയതോടെ ഇനി സംസ്ഥാന ഘടകത്തെ ആകെ ഒന്നിച്ചുകൊണ്ടുപോകുക എന്ന ചുമതലകൂടി വി.മുരളീധരനില്‍ നിക്ഷിപ്തമായിരിക്കുകയാണ്.
സംഘടനാരംഗത്തെ മികവാണ് വി.മുരളീധരനെ കേന്ദ്രമന്ത്രിപദവിയിലേക്കെത്തിച്ചത് എന്ന് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ പോലും സമ്മതിക്കും. ഈ സാഹചര്യത്തില്‍ കേരള ബിജെപി ഘടകത്തെ ഒരുമിച്ചുകൊണ്ടുപോകേണ്ട സാഹചര്യം കൂടി അദ്ദേഹത്തിന് വന്നുചേരും. നിലവില്‍ വലിയ സ്വരചേര്‍ച്ചയിലല്ലാത്ത സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുമായി യോജിച്ച് പോകുക എന്നത് മാത്രമാണ് മുരളീധരന് മുന്നിലുള്ള പോംവഴി.
വി.മുരളീധരന് കേന്ദ്രമന്ത്രിയായതോടെ ഏറ്റവും കൂടുതല്‍ ആശ്വാസം ലഭിക്കുന്നത് ശ്രീധരന്‍പിള്ളയ്ക്കു തന്നെയാണ്. പാര്‍ട്ടിയിലെ എതിര്‍വിഭാഗം ഇനി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കില്ല. അതുകൊണ്ടുതന്നെ നിയമസഭാതെരഞ്ഞെടുപ്പ് വരെ വലിയ ഭീഷണി അദ്ദേഹത്തിന് ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ. മുരളീധരന് കേന്ദ്ര മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാധ്യത നേരത്തേ തന്നെയുണ്ടായിരുന്നു. കുമ്മനത്തിനും അല്‍ഫോണ്‍സ് കണ്ണന്താനത്തിനും തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയവും മുരളീധരന്റെ സ്ഥാന ലബ്ദിക്ക് വഴിയൊരുക്കി.
നേരത്തെ തന്നെ രാജ്യസഭാംഗമായതും നേട്ടമായെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നിലവില്‍ സംസ്ഥാന ഘടകത്തില്‍ തല്‍സ്ഥിതി തുടരാനാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടിയില്ലെങ്കിലും ശരിക്കും “സീറ്റ്’ ഇന്നലെ കിട്ടിയെന്ന സന്തോഷമാണ് പ്രവര്‍ത്തകര്‍ക്ക്. പാര്‍ട്ടിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഊര്‍ജം പരമാവധി മുതലാക്കി അടുത്ത എംഎല്‍എയെ സൃഷ്ടിക്കുക എന്ന ലൈനാണ് പാര്‍ട്ടി പിന്തുടരാന് പോകുന്നത്.