ജോണ്സണ് വേങ്ങത്തടം
കൊച്ചി: ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിരല്ലെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരന്റെ നിലപാട് കേരള ഘടകത്തെ വെട്ടിലാക്കുന്നു. മുതലാക്കാൻ രാഷ്ട്രീയശത്രുക്കൾ രംഗത്തിറങ്ങിയതോടെ ഇതിനെ പ്രതിരോധിക്കേണ്ട അവസ്ഥയിലേക്കു ബിജെപി മാറുകയാണ്. മുൻസംസ്ഥാന അധ്യക്ഷന്റെ മലക്കംമറിച്ചിലിൽ ഞെട്ടിയിരിക്കുകയാണ് പാർട്ടി.
യുവതി പ്രവേശനത്തിനെതിരേ സമരം നയിക്കുന്ന ബിജെപി നേതൃത്വത്തിനു കനത്ത തിരിച്ചടിയാണ് മുരളീധരന്റെ പ്രസ്താവന ഏല്പിച്ചിരിക്കുന്നത്. ഇതു പ്രധാനവിഷയമാക്കി ഉയർത്തി കൊണ്ടു വരാനുള്ള നീക്കമാണ് എൽഡിഎഫും യുഡിഎഫും നടത്തുന്നത്. ആർഎസ്എസിനും ഈ സംഭവത്തിൽ അതൃപ്തിയുണ്ട്. ന്യൂസ് 18ന്റെ പ്രൈം ടൈം പരിപാടിയിലാണ് ബിജെപി മുൻ സംസ്ഥാനഅധ്യക്ഷനും രാജ്യസഭ എംപിയുമായ വി മുരളീധരൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഒരു വിശ്വാസി എന്ന നിലയിൽ ശബരിമലയിൽ ഒരു സ്ത്രീ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിൽ യാതൊരുവിധ പ്രശ്നവുമില്ല. അങ്ങനെയാണെങ്കിൽ അവർക്ക് സംരക്ഷണം നൽകേണ്ടത് സംസ്ഥാനത്തിന്റെയുംപോലീസിന്റെയും ഉത്തരവാധിത്വമാണ് -അദ്ദേഹം വെളിപ്പെടുത്തുന്നു. അങ്ങനെയെങ്കിൽ സുപ്രീം കോടതി വിധി അനുസരിക്കുക എന്നുള്ളത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ് -വി മുരളീധരൻ ചർച്ചയിൽ കൂട്ടിച്ചേർത്തു.
എന്നാൽ ഇപ്പോൾ നടന്ന പ്രവേശനം അത്തരത്തിൽ അല്ലെന്നും, അത് രാഷ്ട്രീയമായ ഗൂഢാലോചനയാണെന്നും ഇദ്ദേഹം പറയുന്നു. കേരളത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കും എന്ന കേരള സർക്കാർ നയത്തിനെതിരെ ശക്തമായ സമരം കേരള ബിജെപി നയിക്കുന്പോഴാണ് പാർട്ടിയിലെ മുതിർന്ന നേതാവ് ദേശീയ ചാനലിൽ ഈ പ്രസ്താവന നടത്തിയത് എന്നത് ശ്രദ്ധേയമാണ്.
10നും 50നും ഇടയിൽ പ്രായമുളള സ്ത്രീകൾ ശബരിമലയിൽ കയറുന്നത് ആചാരലംഘനമാണ് എന്ന് ആരോപിച്ചാണ് കേരളത്തിൽ ബിജെപിയും ആർഎസ്എസും പ്രതിഷേധിക്കുന്നത്. രണ്ട് യുവതികൾ മല ചവിട്ടിയതോടെ സംസ്ഥാനമൊട്ടാകെ സംഘർഷാവസ്ഥയാണ്.
ഒരു യുവതിയേയും മല ചവിട്ടിക്കില്ല എന്നാണ് വെല്ലുവിളി. കേരളത്തിൽ പിന്തിരിപ്പൻ നിലപാട് എടുക്കുന്പോൾ ദേശീയ തലത്തിൽ പുരോഗമനത്തിനൊപ്പമാണ് എന്ന് വരുത്തിത്തീർക്കാനാണ് ബിജെപി നേതാക്കളുടെ ശ്രമം എന്നും വിലയിരുത്തപ്പെടുന്നു.അതിനിടെ കനകദുർഗയ്ക്കും ബിന്ദുവിനും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നും എൻഐഎ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് വി മുരളീധരൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് കത്ത് നൽകിയിട്ടുണ്ട്. യുവതികൾ ഭക്തർ അല്ലെന്നും പൂർവ്വകാല ചരിത്രം പരിശോധിച്ചാൽ അക്കാര്യം മനസിലാകുമെന്നും മുരളീധരൻ പറയുന്നു.
ഇവർക്ക് പോലീസിന്റെ പിന്തുണയും പരിശീലനവും ലഭിച്ചു. ഈ ദേശവിരുദ്ധ പ്രവർത്തനത്തെ കുറിച്ച് അടിയന്തര അന്വേഷണം വേണം എന്നാണ് മുരളീധരന്റെ ആവശ്യം. ഇതിന്റെ വെളിച്ചത്തിലാണു മുരളീധരൻ പ്രസ്താവന നടത്തിയതെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. ഇതിനിടയിൽ ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ബിജെപി ആർഎസ്എസ് നേതൃയോഗം ഇന്നു കൊച്ചിയിൽ ചേരുന്നുണ്ട്.