ന്യൂഡൽഹി: ബിജെപി നേതാവ് വി. മുരളീധരൻ മഹാരാഷ്ട്രയിൽനിന്നും രാജ്യസഭയിലേക്കു മത്സരിക്കും. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ തള്ളിയാണ് മുരളീധരനെ രാജ്യസഭയിലെത്തിക്കാൻ ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. 18 രാജ്യസഭാ സ്ഥാനാർഥികളുടെ പട്ടികയാണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്.
ഇതിൽ പാർട്ടിയുടെ ദേശീയ വക്താവ് ജി.വി.എൽ നരസിംഹറാവു ഉൾപ്പെടെ എട്ടു പേർ പുതുമുഖങ്ങളാണ്. ഉത്തർപ്രദേശിൽനിന്നാണ് ജി.വി.എൽ നരസിംഹറാവു മത്സരിക്കുന്നത്. എൻഡിഎ വൈസ് ചെയർമാൻ രാജീവ് ചന്ദ്രശേഖറിനെ കർണാടകയിൽനിന്നും വീണ്ടും മത്സരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
തുഷാർ വെള്ളാപ്പള്ളി പട്ടികയിൽ ഇടംപിടിക്കുമെന്നു കരുതിയിരുന്നെങ്കിലും ദേശീയ നേതൃത്വം തഴയുകയായിരുന്നു. ഇതോടെ ബിഡിജെഎസ് എൻഡിഎയിൽനിന്നും പടിയിറങ്ങുമെന്നാണ് കരുതുന്നത്.
കേരളത്തിൽനിന്നുള്ള മൂന്നാമത്തെ അംഗമായാണ് മുരളീധരൻ രാജ്യസഭയിലേക്ക് എത്തുന്നത്.നേരത്തെ അൽഫോൺസ് കണ്ണന്താനവും നടൻ സുരേഷ് ഗോപിയും ബിജെപി ടിക്കറ്റിൽ രാജ്യസഭയിലേക്ക് എത്തിയിരുന്നു.