തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ക്യാന്പസിന് ആർഎസ്എസ് സൈദ്ധാന്തികൻ എം.എസ്. ഗോൾവാൾക്കറുടെ പേര് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ചു കേന്ദ്രമന്ത്രി വി. മുരളീധരൻ.
നെഹ്റു ട്രോഫി വള്ളംകളിക്ക് ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പേരു നൽകിയതു നെഹ്റു ഏതു കായിക വിനോദത്തിൽ പങ്കെടുത്തിട്ടാണെന്നായിരുന്നു മുരളീധരന്റെ ചോദ്യം. ഇന്ദിര ഗാന്ധിയുടെ പേരു നിരവധി സ്ഥാപനങ്ങൾക്കുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ബനാറസ് ഹിന്ദു സർവകലാശാലയിൽ സുവോളജി പ്രഫസറായിരുന്നു ഗോൾവാൾക്കർ. മറൈൻ ബയോളജിയിൽ ഗവേഷണ വിദ്യാർഥിയായിരുന്ന കാലത്താണ് അതു പൂർത്തിയാക്കാതെ ആർഎസ്എസ് പ്രവർത്തനത്തിലേക്കു സജീവമായി തിരിച്ചുപോകുന്നത്.
അതുകൊണ്ട് എന്തയോഗ്യതയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ പേരിടാൻ പാടില്ലെന്നു പറയുന്നതെന്നു മനസിലാകുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
രാജ്യദ്രോഹ പ്രവർത്തനത്തിനു ജയിലിൽ കിടന്ന കമ്യൂണിസ്റ്റുകാരുടെ ആരുടെയും പേര് ഈ സംസ്ഥാനത്തെ ഒരു സ്ഥാപനത്തിനും ഇടാൻ പാടില്ലെന്നും അദ്ദേഹം പരിഹസിച്ചു.