തിരുവനന്തപുരം: കേരളം എന്നു കേൾക്കുമ്പോൾ കേന്ദ്ര പ്രവാസികാര്യ സഹമന്ത്രി വി.മുരളീധരന് കലിവരുന്നത് എന്തുകൊണ്ടാ ണെന്ന് അറിയില്ലെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനി.
കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തി കാട്ടി പ്രബുദ്ധ കേരളത്തിന് ബാധ്യതയാകാനാണോ ഈ കേന്ദ്രമന്ത്രി എന്നും മുഖപ്രസംഗം ചോദിക്കുന്നു.
സംസ്ഥാന ബിജെപിയിലെ ഭൂരിപക്ഷവും തന്നെ അംഗീകരിക്കാത്തതിലുള്ള അമർഷമാണോ ഈ വിരോധത്തിനു കാരണമെന്ന് അറിയില്ല. ഒരു നല്ല വാക്കുപോലും കേരളത്തിന്റെ മികച്ച രോഗപ്രതിരോധത്തെക്കുറിച്ച് പറയാൻ കേന്ദ്രമന്ത്രി തയ്യാറായിട്ടില്ല.
എന്നും വിദ്വേഷ രാഷ്ട്രീയത്തിന്റെ കൊടി ഉയർത്തിപ്പിടിക്കുന്നതിലായിരിക്കണം മന്ത്രിക്ക് ഈ മൂത്ത കേരള വിരോധം എന്നുകരുതി സമാധാനിക്കുകയേ വഴിയുള്ളൂവെന്ന് മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.
ഒരു സാധാരണ രാഷ്ട്രീയക്കാരൻ എന്ന നിലയിൽനിന്ന് കേന്ദ്രമന്ത്രി എന്ന നിലവാരത്തിലേക്ക് ഉയരാൻ വി. മുരളീധരന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. പാർലമെന്റിൽ ഭരണപക്ഷം പ്രതിസന്ധിയിലാകുന്ന വേളയിലൊന്നും ഈ മന്ത്രിയുടെ ശബ്ദം ആരും ശ്രവിച്ചിട്ടില്ല.
പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്ന തരംതാണ പ്രസ്താവനകൾ ഇറക്കി തുരങ്കംവയ്ക്കാനാണ് മന്ത്രി വി.മുരളീധരൻ ശ്രമിച്ചത്.
എന്നാൽ സ്വന്തം മന്ത്രാലയംപോലും അതിനു ചെവി കൊടുത്തില്ലായെന്ന് സംസ്ഥാനത്തെ അഭിനന്ദിച്ചുകൊണ്ടുള്ള വിദേശമന്ത്രാലയ പ്രസ്താവന വ്യക്തമാക്കുന്നു. അപ്പോൾ മന്ത്രി പറയുന്നത് കോംപ്ലിമെന്റ് എന്ന പദത്തിന്റെ അർഥം പ്രശംസ എന്നല്ല എന്നാണ്.
ഓക്സ്ഫോർഡ് കേംബ്രിഡ്ജ് ഡിക്ഷണറികളെങ്കിലും മറിച്ചുനോക്കാൻ അദ്ദേഹം തയ്യാറാകണം. വിദേശമന്ത്രാലയത്തിൽ എന്താണു സംഭവിക്കുന്നത് എന്നുപോലും ഈ മുരളീധരൻ അറിയുന്നില്ല.
അൺലോക്ക് ഒന്നിന്റെ ഭാഗമായി ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചപ്പോൾ കേരളവും അതിനു തയ്യാറായി. അപ്പോൾ കേന്ദ്രമന്ത്രിയുടെ ചോദ്യം ആരു പറഞ്ഞിട്ടാണ് പിണറായി ക്ഷേത്രം തുറക്കാൻ തയ്യാറായത് എന്നാണ്.
ആരാണു പറഞ്ഞത് കൊറോണയുടെ പരിശോധന ഇല്ലാതെയാണ്് പ്രവാസികളെ കൊണ്ടുവരുന്നതെന്ന് വന്ദേഭാരത് മിഷൻ ആരംഭിക്കുന്ന ഘട്ടത്തിൽ (മേയ് അഞ്ചിന്) പറഞ്ഞ കേന്ദ്രമന്ത്രി ജൂൺ 16നു മലക്കം മറിഞ്ഞു.
സ്വന്തം പൗരന്മാരെ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയാൽമാത്രം കൊണ്ടുവന്നാൽ മതിയെന്ന സംസ്ഥാനത്തിന്റെ അഭിപ്രായം ലോകരാജ്യങ്ങൾ പരിഹാസത്തോടെയാണ് കാണുക എന്നായി.
വിഷയങ്ങൾ തിരിച്ചറിയാൻ ശേഷിയുള്ളവരെ സ്വന്തം ഓഫീസിൽ ഇരുത്താൻ ഇനിയെങ്കിലും മന്ത്രി തയ്യാറാകണം. ഇത് ചെയ്യാത്തതിനാലാണ് കോൺഗ്രസ് മുൻ മന്ത്രിയുടെ ഓഫീസിലെ ചിലരാണ് വി.മുരളീധരന്റെ ഓഫീസിലും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് ബിജെപി നേതാക്കൾ തന്നെ ആരോപിക്കുന്നത്.
ഡിആർഡിഒ സ്റ്റാഫാണെന്ന് പറഞ്ഞ് വൻതട്ടിപ്പ് നടത്തി കേരള പോലീസ് അറസ്റ്റ് ചെയ്ത വ്യക്തി മന്ത്രി ഓഫീസിലും വസതിയിലും കറങ്ങിത്തിരിഞ്ഞിരുന്ന ആളാണെന്ന പരാതി ഉയർന്നുവന്നതും ഈ സാഹചര്യത്തിലാണെന്നും ദേശാഭിമാനിയിൽ പറയുന്നു.