ന്യൂഡൽഹി: രാജ്യത്തെ ഇന്ധന വില വർധനയ്ക്ക് കാരണം റഷ്യ-യുക്രെയ്ൻ യുദ്ധമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇന്ധന വിലയും തെരഞ്ഞെടുപ്പും തമ്മിൽ യാതൊരു ബന്ധവുമില്ല.
തെരഞ്ഞെടുപ്പും യുക്രെയ്ൻ യുദ്ധവും ഒരേ സമയത്തു വന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പു നോക്കിയല്ലല്ലോ റഷ്യ യുദ്ധം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതിന്റെ അതേ അനുപാതത്തില്‍ രാജ്യത്ത് ഇന്ധന വില കൂടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യാന്തര വിപണിയിൽ 50 ശതമാനം വർധനവാണ് നിലവിൽ ഉണ്ടായിട്ടുള്ളത്. യുക്രെയ്നിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 75 ഡോളർ വിലയുണ്ടായിരുന്നത് ഏതാണ്ട് 120 ഡോളർ വരെയായി വർധിച്ചിട്ടുണ്ട്.
അങ്ങനെ നോക്കിയാൽ രാജ്യാന്തര വിപണിയിൽ ഉണ്ടായിട്ടുള്ള വിലവർധനവിന്റെ അതേ തോതിലുള്ള വിലവർധനവ് നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടില്ലെന്നും മുരളീധരൻ വിശദീകരിച്ചു.
വില കൂടിയ സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനാണ് കേന്ദ്രസർക്കാർ തീരുവ കുറച്ചത്. കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായി സംസ്ഥാന സർക്കാരുകളും നികുതിയിളവ് നൽകുമെന്നായിരുന്നു പ്രതീക്ഷ.
നിർഭാഗ്യവശാൽ കേരളം അതിന് തയാറായിട്ടില്ല. ആ നികുതി കുറച്ചിരുന്നെങ്കിൽ കുറച്ചുകൂടി ആശ്വാസം ജനങ്ങൾക്ക് കിട്ടുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.