കൊട്ടാരക്കര: വീരമൃത്യു വരിച്ച ധീരജവാൻ ഓടനാവട്ടം കുടവട്ടൂർ ശിൽപാലയത്തിൽ വൈശാഖിന്റെ കുടുംബത്തിന് ആശ്വാസമേകാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വൈശാഖിന്റെ വീട്ടിലെത്തി.
രാജ്യത്തിന് വേണ്ടിയാണ് വൈശാഖ് ജീവത്യാഗം ചെയ്തതെന്നും കുടുംബത്തിന്റെ ദുഃഖങ്ങൾക്കും സങ്കടങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും വി. മുരളീധരൻ പറഞ്ഞു.
മാതാപിതാക്കളായ ബീനാകുമാരി, ഹരികുമാർ, സഹോദരി ശില്പ എന്നിവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ശനിയാഴ്ച വൈകുന്നേരം 6.45നാണ് തിരുവനന്തപുരത്ത് നിന്നും മന്ത്രി വി. മുരളീധരൻ വൈശാഖിന്റെ വീട്ടിലെത്തിയത്. വൈശാഖിന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാതാപിതാക്കളെ കണ്ട് എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് ഉറപ്പ് നൽകി.
ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ, ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ, ജില്ലാ സെക്രട്ടറി പത്മകുമാരി, മണ്ഡലം പ്രസിഡന്റുമാരായ വയയ്ക്കൽ സോമൻ, ബിജു പുത്തയം, സതീഷ് മഞ്ജല്ലൂർ, സംസ്ഥാന സമിതി അംഗം ബി. രാധാമണി, കെ. ആർ. രാധാകൃഷ്ണൻ, ഷാലു കുളക്കട, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, മനുദീപം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മാലയിൽ അനിൽ, അജിത് വെളിയം, ശ്രീലേഖ, ഓടനാവട്ടം മേഖല പ്രസിഡന്റ് രഞ്ജിത്ത്, ജനറൽ സെക്രട്ടറി സാബുകൃഷ്ണ എന്നിവർ ഒപ്പമുണ്ടായിരുന്നു.