ജിബിന് കുര്യന്
പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ ജനവിധിയെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ച് മന്ത്രി വി എൻ വാസവൻ.
മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ…കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ വര്ത്തമാനം മാറ്റിക്കുറിക്കുന്നതാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. വികസന രാഷ്ട്രീയം മാത്രം ചര്ച്ച ചെയ്യുന്ന ഒരു തെരഞ്ഞെടുപ്പ് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.
മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വികസനമാണ് ചര്ച്ച. അതില് റോഡുണ്ട്, പാലമുണ്ട്, സ്കൂളുണ്ട്, ആതുരാലയമുണ്ട് മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പുതുപ്പളളിയില് ജനങ്ങള് സംവദിക്കുകയാണ്.
ഈ സംവാദം യുഡിഎഫ് ഇഷ്ടപ്പെടുന്നില്ല. ഞങ്ങള് യുഡി എഫിനെ ഈ സംവാദത്തിന് വെല്ലുവിളിച്ചതാണ് എന്നാല് അവര് അതു സ്വീകരിച്ചില്ല. പകരം അവര് വിവാദങ്ങള് കൊണ്ടുവരുകയാണ്.
ഉമ്മന് ചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സഹതാപവും വികാരങ്ങളുമാണ് ഇപ്പോഴും പറയുന്നത്.
പിണറായി വിജയന് സര്ക്കാരിന്റെ ഏഴു വര്ഷത്തെ പ്രവര്ത്തനങ്ങളും ജനങ്ങള് ഈ തെരഞ്ഞെടുപ്പില് വിലയിരുത്തും. അതില് ഞങ്ങള്ക്ക് പേടിയില്ല.
ജനങ്ങളുടെ മുമ്പില് പ്രോഗ്രസ് റിപ്പോര്ട്ട് അവതരിപ്പിച്ച പ്രവര്ത്തിക്കുന്ന സര്ക്കാരാണിത്. കേന്ദ്ര സര്ക്കാരിന്റെ കേരളത്തോടുള്ള അവഗണയും ജനദ്രോഹ നയങ്ങളും ഞങ്ങള് ജനങ്ങളുടെ മുമ്പില് അവതരിപ്പിക്കുന്നുണ്ട്.
നരഹത്യ നടക്കുന്ന മണിപ്പൂരില് ആദ്യം എത്തിയ യുവ നേതാവാണ് ജെയ്ക് സി. തോമസ് ജനങ്ങള് ഇതു കാണുന്നുണ്ട്.
മാസപ്പടി വിവാദം വ്യക്തി കേന്ദ്രീകൃത ആരോപണമാണ്.
മാസപ്പടി വിവാദത്തിലൂടെ മുഖ്യമന്ത്രിയുടെ മകളേയും കുടുംബത്തേയും ആക്ഷേപിക്കുക എന്ന ഒറ്റ ഉദ്ദേശം മാത്രമേ പ്രതിപക്ഷത്തിനുളളു. ഇതിനു മുമ്പ് ലാവ്ലിന് കേസ് ഉന്നയിച്ച് മുഖ്യമന്ത്രിയേ വേട്ടയാടന് ശ്രമിച്ചു.
അതിനുശേഷം സ്വര്ണക്കടത്തിലൂടെ വേട്ടയാടാന് ശ്രമിച്ചു. ചെമ്പും ബിരിയാണിയും പ്രതിപക്ഷം എത്രകാലം കൊണ്ടുനടന്നു. അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില് 99 സീറ്റുമായി തുടര് ഭരണമാണ് പിണറായി വിജയന് സര്ക്കാരിനു ലഭിച്ചത്.
ഇങ്ങനെയുള്ള ആരോപണങ്ങള് ഉന്നയിച്ചാല് ജനം വിശ്വസിക്കുമെന്നും മുഖ്യമന്ത്രിയേയും കുടുംബത്തേയും പാര്ട്ടിയേയും അധിക്ഷേപിച്ചുകളയാമെന്നാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ശ്രമം.
ഇതു കേരളത്തിലെ ജനങ്ങള് മുമ്പും തള്ളികളഞ്ഞതാണ്. പുതുപ്പള്ളിയിലെ ജനങ്ങളും ഇതു തള്ളിക്കളയും.
മുന് മുഖ്യമന്ത്രി കൂടിയായ ഉമ്മന് ചാണ്ടിയുടെ 53 വര്ഷക്കാലത്തെ ജനപ്രതിനിധി എന്ന നിലിയിലുള്ള പ്രവര്ത്തനത്തില് പുതുപ്പള്ളി കാര്യമായി വികസിച്ചിട്ടില്ല.
സംസ്ഥാനത്തെ തന്നെ ഏറ്റവും പിന്നോക്കം നില്ക്കുന്ന മണ്ഡലമാണ്. മാറി മാറി വന്ന ഇടതു സര്ക്കാരുകളുടെ കാലത്താണ് പുതുപ്പള്ളിയില് വികസനം നടന്നിട്ടുള്ളത്. വികസനപദ്ധതികള് തുടരുന്ന അതിനു നേതൃത്വം കൊടുക്കാന് കഴിയുന്ന ഒരു ജനപ്രതിനിധി വേണമെന്ന ചിന്തയാണ് പുതുപ്പള്ളിയിലെ ജനങ്ങള്ക്കുള്ളത്.