മൂന്നാര്‍: മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടിയെടുത്ത ശ്രീറാം വെങ്കിട്ടരാമനെ ഓടിച്ചപ്പോള്‍ സിപിഎം ഒന്ന് ആശ്വസിച്ചു. ശ്രീറാം മൂര്ഖനായിരുന്നെങ്കില് പകരം വന്ന വി ആര് പ്രേം കുമാര്‍ രാജവെമ്പാലയായിരുന്നു എന്ന സത്യം സിപിഎം വളരെ വൈകിയാണ് മനസിലാക്കിയത്. കയ്യേറ്റക്കാര്‍ എത്ര വമ്പനായാലും മുഖം നോക്കാതെ നടപടി എടുക്കുന്ന ധീരനായ ഉദ്യോഗസ്ഥനാണ് മൂന്നാറിലെ കാര്യങ്ങല്‍ മുറതെറ്റാതെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഏറെക്കാലമായി വിവാദത്തില്‍ നില്ക്കുന്ന കൊട്ടക്കമ്പൂരിലെ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കിയാണ് ദേവികുളത്തെ പുതിയസബ്കലക്ടര് വി ആര് പ്രേംകുമാര്‍ താരമാകുന്നത്.
മാധ്യമകളുടെ ശ്രദ്ധാകേന്ദ്രമാകാന്‍ കാത്തുനില്‍ക്കാതെ നിശബ്ദമായി കാര്യങ്ങള്‍ നീക്കിയാണ് പ്രേംകുമാര്‍ ജോയ്സ് ജോര്‍ജ് എംപിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയത്. സംഭവം നടന്നു കഴിഞ്ഞപ്പോഴാണ് എംപി പോലും സംഗതിയറിഞ്ഞത്. ശ്രീറാം വെങ്കിരാമനെ സ്ഥലംമാറ്റി പുതിയ സബ്കളക്ടറെ നിയമിച്ചതു കൊട്ടാക്കമ്പൂര്‍ കേസില്‍ എംപിയെ രക്ഷിക്കാനാണെന്ന ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പ്രേംകുമാറിന്റെ നടപടി.
കയ്യേറ്റക്കാരുടെ ഉറ്റതോഴന്മാരായ രാഷ്ട്രീയക്കാരെ വരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച നടപടിയായിരുന്നു ഇത്. ഭരണകക്ഷി എംപിക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ച കലക്ടറുടെ നടപടി സിപിഎമ്മിനെ ശരിക്കും പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. എങ്കിലും ഉദ്യോഗസ്ഥന്റെ മിടുക്കിന് സോഷ്യല്‍ മീഡിയയിലടക്കം പ്രശംസകള്‍ ഒഴുകുകയാണ്. എന്നാല്‍, അഭിനന്ദനങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ തന്റെ കാര്യങ്ങള്‍ ധൈര്യമായി മുന്നോട്ടു കൊണ്ടുപോകുകയാണ് പ്രേംകുമാര്‍. ജൂലൈ മാസത്തിലാണ് വി.ആര്. പ്രേംകുമാര്‍ ദേവികുളം സബ്കളക്ടറായി ചുമതലയേല്‍ക്കുന്നത്. തമിഴ്നാട് സ്വദേശിയായ പ്രേംകുമാര്‍ ഇതിന് മുമ്പ് മാനന്തവാടി സബ് കളക്ടറായിരുന്നു. കൈയേറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത ശ്രീറാം വെങ്കിട്ടരാമന് എംപ്ലോയ്മെന്റ് ഡയറക്ടറായി സ്ഥലംമാറി പോയ ഒഴിവിലായിരുന്നു നിയമനം.
ജോയ്സ് ജോര്‍ജ് എംപിയുടെയും കൊട്ടാക്കമ്പൂരിലെ 20 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയതോടെ പൊളിഞ്ഞത് ഇടുക്കി ജില്ലയിലെ സിപിഎം നേതൃത്വത്തിന്റെ വാദം. ജോയ്സ് ജോര്‍ജ് ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി മെയ് നാലിന് നിയമസഭയില്‍ പറഞ്ഞത്. പിതാവ് വിലകൊടുത്തുവാങ്ങിയ ഭൂമിയുടെ വിഹിതം ലഭിച്ചതല്ലാതെ ജോയ്സ് ഒരു തുണ്ടുഭൂമിയും വാങ്ങിയിട്ടില്ലെന്നാണ് താന്‍ മനസിലാക്കുന്നതെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായി സഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്.
സിപിഎം ജില്ലാ നേതൃത്വവും ആദ്യാവസാനം എംപിക്ക് പൂര്‍ണ പിന്തുണ നല്കുന്ന നിലപാടാണ് സ്വീകരിച്ചത്. മാറി മാറി വന്ന പല സബ്കളക്ടര്‍മാരും പട്ടയരേഖകള്‍ പരിശോധിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം കര്‍ഷകദ്രോഹ നടപടിയാണെന്ന് ആരോപിച്ച് സിപിഎം പ്രക്ഷോഭം നടത്തി. ഇതെല്ലാം മറികടന്ന് ശ്രീറാം വെങ്കിട്ടരാമന് സബ് കളക്ടറായിരിക്കുമ്പോള്‍ രണ്ട് തവണ എംപിക്ക് നോട്ടീസ് നല്കി. തുടര്‍ന്ന് സിപിഎമ്മിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹത്തെ സ്ഥലം മാറ്റേണ്ടിവന്നു. ഇതിനെല്ലാമേറ്റ കനത്ത തിരിച്ചടിയായി പുതിയ സബ്കളക്ടറുടെ നടപടി.
ഭരണപക്ഷമാണെങ്കിലും പ്രതിപക്ഷമാണെങ്കിലും നിലപാടുകളുടെ കാര്യത്തില്‍ കാര്‍ക്കശ്യക്കാരനാണ് പ്രേംകുമാര്‍.
ആര്‍ഡിഒ ഓഫീസില്‍ പണപ്പിരിവിന് എത്തിയവരെ പുറത്താക്കിയും നേരത്തെ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആര്‍ഡിഒ ഓഫീസ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണപ്പിരിവ് നടത്താനുള്ള സ്ഥലമല്ലെന്ന് പറഞ്ഞാണ് അദ്ദേഹം ഓഫീസില്‍ പിരിവിനെത്തിയ സിപിഎം പ്രവര്‍ത്തകരെ പുറത്താക്കിയത്. നായനാര്‍ സ്മാരകത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനായുള്ള പിരിവിനെത്തിയ പ്രവര്‍ത്തകരെ പുറത്താക്കാനാണു സബ്കലക്ടര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതിനെതിരേ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. മന്ത്രി എംഎം മണി, എസ് രാജേന്ദ്രന് എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് എ കെ മണി തുടങ്ങിയവരുടെയെല്ലാം തന്നെ സമ്മര്‍ദ്ദഫലമായാണ് ശ്രീറാമിന് സ്ഥാനം നഷ്ടമായത്. പകരമെത്തിയ വി ആര് പ്രേംകുമാര്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ആഗ്രഹത്തിന് തുള്ളുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അത് തെറ്റാണെന്ന് തെളിയുകയാണ് പ്രേംകുമാറിന്റെ നടപടികള്‍.
സിപിഎം പാര്‍ട്ടി ഗ്രാമമായ മൂന്നാര്‍ ഇക്കാനഗറിലെ കയ്യേറ്റ ഒഴിപ്പിക്കാന്‍ ധൈര്യം കാണിച്ചാണ് പ്രേംകുമാര്‍ ആദ്യം തന്റെ വഴി വ്യത്യസ്തമാണെന്ന് വ്യക്തമാക്കിയത്. ചുമതലയേല്‍ക്കുന്നതിന് മുമ്പ് തന്നെ ഇടുക്കിയിലെ ഒരു സിപിഎം എംഎല്‍എയുടെ നോമിനിയാണ് പ്രേംകുമാറെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ ആ ആരോപണങ്ങളൊക്കെ കാറ്റില്‍ പറത്തുന്ന കാര്യങ്ങളാണ് പ്രേംകുമാര്‍ ഇപ്പോള്‍ ചെയ്യുന്നത്. ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ കാലത്ത് വിവിധ റവന്യൂ ഓഫീസുകളില്‍ നിന്ന് ആര്‍ഡി ഓഫീസില്‍ എത്തിയ ഉദ്യോഗസ്ഥര്‍ മടങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ദേവികുളം സബ്കളക്ടര്‍ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് മടങ്ങിപ്പോകാന്‍ ഉദ്യോഗസ്ഥര്‍ താല്പര്യം പ്രകടിപ്പിച്ചത്.മടങ്ങേണ്ടവര്‍ക്ക് മടങ്ങാമെന്നും പകരം ഉദ്യോഗസ്ഥരെ കാട്ടിത്തരണമെന്നും സബ് കളക്ടര്‍ വി.ആര് പ്രേംകുമാര്‍ നിര്‍ദ്ദേശിച്ചു. മറ്റ് ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടിയാണ് അദ്ദേഹം തന്റെ പണി തുടര്‍ന്നത്. ഒടുവില്‍ പണി കിട്ടിയതാവട്ടെ ജോയ്സ് ജോര്‍ജിനും.