തിരുവനന്തപുരം: റോഡരികില്‍ കസേരയിട്ടിരുന്ന് രണ്ട് മണിക്കൂറോളം പ്രതിഷേധിച്ച ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടി. ഗവർണറുടെ റോഡിലെ പ്രതിഷേധത്തിന് പിന്നാലെ ‘റോഡിലെ ചൂടിന് സോഡാ നാരങ്ങ ബെസ്റ്റാ’ എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. ഇതോടൊപ്പം സോഡാ നാരങ്ങയുടെ ചിത്രവും ശിവൻകുട്ടി പങ്കുവച്ചിട്ടുണ്ട്.
കൊല്ലം നിലമേലിൽ വച്ച് എസ്എഫ്ഐ പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് ഗവർണർ കാറില്‍ നിന്നിറങ്ങി റോഡരികില്‍ രണ്ട് മണിക്കൂറോളമാണ് കസേരയിട്ടിരുന്നത്. തുടർന്ന് മുഖ്യമന്ത്രി പോകുമ്പോള്‍ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവർണർ ചോദിച്ചു. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് ഗവർണർ പരാതിപ്പെടുകയും ചെയ്തു. പ്രതിഷേധിച്ചവർക്കെതിരെയുള്ള എഫ്ഐആർ വാങ്ങിയതിന് ശേഷമാണ് രണ്ട് മണിക്കൂർ നീണ്ട പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചത്.
ഒരു മാസത്തിനിടെ നടക്കുന്ന ഗവർണറുടെ നാലാമത്തെ ഷോ ആണിതെന്നും ശിവൻകുട്ടി പ്രതികരിച്ചു. ആദ്യ ഷോ തിരുവനന്തപുരം എയർപോർട്ടിലാണ് കണ്ടത്. രണ്ടാമത് നയപ്രഖ്യാപനം. മൂന്നാമത് റിപ്പബ്ലിക് ദിനത്തിലും കണ്ടു എന്നും മന്ത്രി പറഞ്ഞു. താനിരിക്കുന്ന പദവി പോലും നോക്കാതെയാണ് ഗവർണറുടെ നടപടി. കേരളത്തെ ഗവർണർ വെല്ലുവിളിക്കുകയാണ്. കേട്ട് കേൾവി പോലുമില്ലാത്ത കാര്യങ്ങൾ ആണ് ഗവർണർ ഇന്ന് പറയുന്നതെന്നും മന്ത്രി വിമർശിച്ചു.
ഗവർണറുടെ ഭാഗത്ത് നിന്നും മര്യാദയില്ലാത്ത പെരുമാറ്റം ആണ് ഉണ്ടാകുന്നതെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. ഗവർണർ ഷോ നടത്തി വിരട്ടാം എന്ന് കരുതണ്ട. അത് കേരളത്തിൽ വിലപ്പോവില്ല. ഭരണഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഇന്ത്യയിലെ ആദ്യ ഗവർണറാണിത്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ഗവർണർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ലോകത്ത് ആരെ വേണമെങ്കിലും വിളിക്കാനുള്ള അവകാശം അദ്ദേഹത്തിന് ഉണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.