ദേശീയ തലത്തില്‍ കോണ്‍ഗ്രസിനുണ്ടായ തകര്‍ച്ചയില്‍ ആഘോഷിക്കുന്ന ഇടതുപക്ഷത്തിന് ചുട്ടമറുപടിയുമായി വി.ടി ബല്‍റാം എംഎല്‍എ. ഇന്ത്യയില്‍ ഇടതുപക്ഷത്തിന് ആകെ കിട്ടിയ അഞ്ച് സീറ്റുകളില്‍ നാലിലും രാഹുല്‍ ഗാന്ധിയുടെ കൂടി വിയര്പ്പുണ്ടായിരുന്നുവെന്ന കാര്യം മറക്കരുതെന്നാണ് ബല്‍റാം പറയുന്നത്. അത് മറന്നുകൊണ്ടാണ് സൈബര്‍ സഖാക്കള്‍ മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് തോല്‍വിയില്‍ അര്‍മാദിക്കുന്നതെന്ന് ബല്‍റാം പറയുന്നു. പലരുടേയും വിടുവായത്തങ്ങള്‍ക്ക് 23ന് ശേഷം മറുപടി നല്‍കാമെന്ന് കരുതി മാറ്റിവച്ചിരുന്ന എനിക്ക് പോലും ഇപ്പോള്‍ അതിനൊരു മൂഡ് തോന്നുന്നില്ല, കാരണം അത്രത്തോളം ദയനീയമാണ് അവരുടെ തോല്‍വിയെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കേരളത്തിലെ സിപിഎമ്മിന്റെ പരാജയത്തില്‍ യുഡിഎഫുകാര്‍ സന്തോഷിക്കുന്നത് സ്വാഭാവികമാണ്. കാരണം, ബിജെപി കാര്യമായ ശക്തിയല്ലാത്ത കേരളത്തില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ വേണ്ടിത്തന്നെയാണ് യുഡിഎഫിന്റെ 20 സ്ഥാനാര്‍ത്ഥികളും മത്സരിച്ചത്. മോദി സര്‍ക്കാരിനെതിരെ എന്നത് പോലെ പിണറായി വിജയന് സര്‍ക്കാരിനെതിരെയും ശക്തമായ എതിര്‍പ്പാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം ഉയര്‍ത്തിയത്. സ്വന്തം അധ്വാനത്തിന് റിസള്‍ട്ടുണ്ടാവുമ്പോള്‍ ഏവര്‍ക്കും സംതൃപ്തിയും സന്തോഷവും ഉണ്ടാകും. എന്നിട്ട് പോലും സിപിഎമ്മിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയെ അതിരുവിട്ട് ആഘോഷിക്കാന്‍ യുഡിഎഫുകാരായ പലരും കടന്നുവരുന്നില്ല എന്നതാണ് ഇത്തവണ പൊതുവില്‍ കാണുന്നത്.
തോറ്റിട്ടും നിര്‍ത്താത്ത ന്യായീകരണരോദനങ്ങള്‍ക്കും മതന്യൂനപക്ഷങ്ങളോടുള്ള ആക്ഷേപങ്ങള്‍ക്കുമൊക്കെയുള്ള മറുപടി നേരിട്ടും ട്രോളായും ചിലരൊക്കെ പറയുന്നു എന്നേയുള്ളൂ. പലരുടേയും വിടുവായത്തങ്ങള്‍ക്ക് 23ന് ശേഷം മറുപടി നല്‍കാമെന്ന് കരുതി മാറ്റിവച്ചിരുന്ന എനിക്ക് പോലും ഇപ്പോള്‍ അതിനൊരു മൂഡ് തോന്നുന്നില്ല, കാരണം അത്രത്തോളം ദയനീയമാണ് അവരുടെ തോല്‍വി.എന്നാല്‍ പകരമായി സിപിഎം ആഹ്ലാദിക്കുന്നത് മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ തോല്‍വിയിലാണ്, അതായത് അവിടങ്ങളിലെ ബിജെപിയുടെ വിജയത്തിലാണ്. രാഹുല്‍ ഗാന്ധിയുടെ അമേഠിയിലെ തോല്‍വിയാണ് ഇവര്‍ ഏറെ ആഘോഷമാക്കുന്നത്.
പോരാളി ഷാജി നിലവാരത്തിലുള്ള സൈബര്‍ സഖാക്കള്‍ മാത്രമല്ല, എംഎം മണിയും കെടി ജലീലുമടക്കമുള്ള സിപിഎമ്മിന്റെ മന്ത്രിമാര്‍ വരെ ഈ ആഘോഷക്കമ്മിറ്റിക്ക് നേതൃത്വം നല്‍കുകയാണെന്ന് കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. ഇന്ത്യയില്‍ ഇടതുപക്ഷത്തിന് ആകെക്കിട്ടിയ അഞ്ച് സീറ്റുകളില്‍ നാലിലും ഇതേ രാഹുല്‍ ഗാന്ധിയുടെ കൂടി വിയര്‍പ്പുണ്ടായിരുന്നു എന്നത് മറന്നുകൊണ്ടാണ് ഇവരൊക്കെ അര്‍മ്മാദിക്കുന്നത്. ആയിക്കോളൂ, ഇനിയും എത്രയാന്ന് വച്ചാല്‍ ആയിക്കോളൂ. കേരളത്തിലെ ജനങ്ങള്‍ക്ക് നിങ്ങളെയൊക്കെ കൂടുതല്‍ തിരിച്ചറിയാന്‍ അത് ഉപകരിക്കും. ആള് ദ ബെസ്റ്റ്.