മാന്നാർ: വെങ്കല പാത്രങ്ങളുടെ നാട്ടിൽനിന്നു മറ്റൊരദ്ഭുതം കൂടി പിറവിയെടുത്തു. ഇവിടത്തെ വെങ്കല ശില്പികളുടെ കരവിരുതിൽ വിരിഞ്ഞ ശില്പങ്ങളും വാർപ്പുകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഇപ്പോൾ പരുമലയിൽ നിർമിച്ച കൂറ്റൻ വാർപ്പിൽ ഗുരുവായൂരിൽ ഇന്നു പായസം നേദിക്കും. ആർട്ടിസാൻസ് മെയിന്റനൻസ് ആൻഡ് ട്രഡീഷണൽ ട്രേഡിംഗിന്റെ ചുമതലയിൽ നിർമിച്ച 1500 ലിറ്റർ പാൽപായസം തയാർ ചെയ്യുവാൻ കഴിയുന്ന രണ്ടേകാൽ ടൺ ഭാരം വരുന്ന ഭീമൻ വാർപ്പാണ് പരുമലയിൽ നിർമിച്ചത്.
ശബരിമല, ഏറ്റുമാനൂർ, പാറമേൽക്കാവ്, മലയാലപ്പുഴ തുടങ്ങി കേരളത്തിലെ പ്രസിദ്ധങ്ങളായ നിരവധി ക്ഷേത്രങ്ങളിലെ സ്വർണക്കൊടിമരങ്ങളുടെ മുഖ്യശില്പിയാകുവാൻ ഭാഗ്യം സിദ്ധിച്ച മാന്നാർ പരുമല പന്തപ്ലാതെക്കേതിൽ കാട്ടുംപുറത്ത് അനന്തൻ ആചാരിയുടെയും (67 ) മകൻ അനു അനന്തന്റെയും മേൽനോട്ടത്തിലാണ് വാർപ്പ് നിർമിച്ചത്.
അശ്രാന്ത പരിശ്രമം
ജഗന്നാഥൻ, രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാല്പതോളം തൊഴിലാളികൾ നാലുമാസത്തോളം അശ്രാന്ത പരിശ്രമം നടത്തിയാണ് 88 ഇഞ്ച് വ്യാസവും 24 ഇഞ്ച് ആഴവും ഉള്ള ഭീമൻ നാലുകാതൻ വാർപ്പ് നിർമിച്ചത്.
ബഹ്റിനിലെ പോപ്പുലർ ഓട്ടോ സ്പെയർ പാർട്സ്, ദുബായിലെ ഗോൾഡൻ പോപ്പുലർ ഓട്ടോ സ്പെയർ പാർട്സ് എന്നീ കമ്പനികളുടെ ഉടമയും തൃശൂർ ചേറ്റുവ സ്വദേശിയുമായ എൻ.ബി. പ്രശാന്ത് ഗുരുവായൂരപ്പന് വഴിപാടായി നിർമിച്ചതാണ് പൂർണമായും ശുദ്ധമായ വെങ്കലപഴയോടിൽ നിർമിച്ച ഈ ഭീമൻ നാലുകാതൻ വാർപ്പ്.
ബുധനാഴ്ച രാവിലെ ഗുരുവായൂരപ്പന് ഈ ഭീമൻ വാർപ്പ് സമർപ്പിക്കും.കഴിഞ്ഞ ഫെബ്രുവരിയിൽ ഗുരുവായൂർ നടയിൽ സമർപ്പിച്ച ആയിരം ലിറ്റർ പാൽപായസം തയാർ ചെയ്യാൻ കഴിയുന്ന രണ്ടു ടൺ ഭാരമുള്ള വലിയ വാർപ്പ് നിർമിച്ചതും അനന്തൻ ആചാരിയുടെയും അനു അനന്തന്റെയും നേതൃത്വത്തിലായിരുന്നു.
കഴിഞ്ഞ തൃക്കാര്‍ത്തിക നാളില്‍ ചക്കുളത്ത് ഭഗവതിക്ക് ചാർത്തിയ അരക്കിലോയോളം തൂക്കമുള്ള തങ്കക്കിരീടവും ചുനക്കര മഹാദേവന് സമർപ്പിച്ച തിരുവാഭരണവും പാറമേക്കാവിലെ കോമരത്തിന് സമർപ്പിച്ച പള്ളിവാളും നിർമിച്ചത് ആർട്ടിസാൻസ് മെയിന്റനൻസ് ആൻഡ് ട്രഡീഷണൽ ട്രേഡിംഗിന്റെ ചുമതലിയിലായിരുന്നു.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുവാനുള്ള വൈവിധ്യം നിറഞ്ഞ തുലാഭാരത്തട്ടിന്റെ നിർമാണവും പരുമലയിൽ പൂർത്തിയായി വരുന്നു.