കല്ലടിക്കോട് : വിപണിയിൽ നേന്ത്രക്കായ വില കുത്തനെ ഉയരുന്നു. പ്രാദേശികമായി കായ ഉല്പാദന കുറഞ്ഞതും തമിഴ്നാട്ടിൽ നിന്നുള്ള വരവു കുറഞ്ഞതുമാണ് ഇപ്പോഴത്തെ വിലവർദ്ധനവിന് കാരണം.
വിളവെടുക്കാൻ പാകമായ നേന്ത്രക്കായ ഇല്ലാത്തതിനാൽ വിലവർദ്ധനയുടെ നേട്ടം കർഷകർക്ക് ലഭിക്കുന്നില്ല.നിലവിൽ പച്ച നേന്ത്രക്കായ കിലോയ്ക്ക് 55 മുതൽ 60 രൂപവരെ വലിപ്പമനുസരിച്ച് വിലയുണ്ട്.
പഴത്തിന്റെ വില 55 മുതൽ 62 രൂപ വരെയായും ഉയർന്നു. കഴിഞ്ഞ രണ്ടുവർഷം 25 രൂപ പോലും വില ലഭിക്കാതെ 100 രൂപയ്ക്ക് അഞ്ച് കിലോവരെ വില്ക്കേണ്ടി വന്നതാണ് ഇത്തവണ വാഴകൃഷി കുറയാൻ കാരണം.
മുൻകാലങ്ങളിൽ ഇഞ്ചി കൃഷി ചെയ്ത സ്ഥലങ്ങളിൽ വിളവെടുപ്പിനുശേഷം വ്യാപകമായി നേന്ത്രവാഴ കൃഷിചെയ്തിരുന്നു. മുൻവർഷങ്ങളിലെ വിലയിടിവ് കാരണം പല കർഷകരും ഈ സീസണിൽ വാഴകൃഷിയിൽ നിന്ന് പിന്തിരിഞ്ഞു.
മലയോര മേഖലകളിൽ റബർ ആവർത്തന കൃഷി നടത്തുന്ന ഇടങ്ങളിൽ ഇടവിളയായി ചെയ്തിരുന്ന വാഴകൃഷി കാട്ടുപന്നി, മാൻ, കാട്ടാന, മയിൽ, കുരങ്ങ് എന്നിവയുടെ ശല്യം മൂലം കർഷകർ പാടെ ഉപേക്ഷിച്ച നിലയിലാണ്.
ഇത് പ്രാദേശിക ഉല്പാദനത്തിൽ വലിയ ഇടിവുണ്ടാക്കി. ഇതാണ് ഇപ്പോഴത്തെ വില കയറ്റത്തിന് കാരണം.മലയോര കാർഷിക മേഖലകളിലും പടങ്ങളിലൂമാണ് കൂടുതലായി കൃഷിയുള്ളത്.
നേന്ത്രക്കായ വില വർദ്ധിച്ചതോടെ മറ്റു വാഴപ്പഴങ്ങളുടെയും വില 30 രൂപ മുതൽ 50 രൂപ വരെയായി ഉയർന്നിട്ടുണ്ട്. നേന്ത്രക്കായ ചിപ്സ് 320 മുതൽ 440 വരെയായി ഉയർന്നു.
ഇപ്പോൾ തമിഴ്നാട്ടിൽ നിന്നാണ് നേന്ത്രക്കായ വിപണിയിൽ എത്തുന്നത്. വില വർദ്ധിച്ചതോടെ കടകളിൽ വിൽപന കുറഞ്ഞതാതും അതിനാൽ കൂടുതൽ സ്റ്റോക്ക് ചെയ്യാറില്ലെന്നും കച്ചവടക്കാർ പറയുന്നു.