കറുകച്ചാൽ: വ്യാപാരിയുടെ ഓട്ടോറിക്ഷ തടഞ്ഞു വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി 40,000 രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾക്കു വേണ്ടി അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെ 11.30ന് മുണ്ടത്താനം-ഇടയിരിക്കപ്പുഴ റോഡിൽ ഇലവുങ്കൽ ഭാഗത്തെ തിരക്കൊഴിഞ്ഞ സ്ഥലത്തായിരുന്നു സംഭവം. വാകത്താനം സ്വദേശി പണിക്കപ്പുരയിടം ബൈന്നി നൈനാന്റെ (52) പണമാണ് നഷ്്ടമായത്.
സിഗരറ്റ് അടക്കമുള്ള ഉത്പന്നങ്ങൾ കടകളിൽ മൊത്തവിൽപ്പന നടത്തുന്നയാളാണ് നൈനാൻ. കങ്ങഴ, ഇടയിരിക്കപ്പുഴ ഭാഗത്ത് കച്ചവടം നടത്തിയ ശേഷം മുണ്ടത്താനത്തേക്ക് പോകുകയായിരുന്നു ഇദ്ദേഹം.
ഇലവുങ്കൽ ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഹെൽമറ്റ് ധരിച്ച് ബെക്കിലെത്തിയ രണ്ടു പേർ ഓട്ടോറിക്ഷയ്ക്ക് മുന്പിൽ ബൈക്ക് കുറുകെ നിർത്തിയ ശേഷം വടിവാളും കത്തിയുമായെത്തി നൈനാനെ ഭീഷണിപ്പെടുത്തി.
കൈയിലുണ്ടായിരുന്ന ബാഗ് ബലമായി പിടിച്ചുവാങ്ങിയ ശേഷം മുണ്ടത്താനം ഭാഗത്തേക്ക് ബൈക്കിൽ രക്ഷപ്പെട്ടു. ബൈക്കിനു നന്പർ പ്ലേറ്റ് ഇല്ലായിരുന്നു.
സംഭവത്തിൽ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി പോലീസ് പറഞ്ഞു. കറുകച്ചാൽ എസ്എച്ച്ഒ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കറുകച്ചാലിലും പരിസര പ്രദേശങ്ങളിലും ആക്രമണങ്ങൾ പതിവായതോടെ മേഖലയിലെ സമാധാന ജീവിതം തകിടംമറിഞ്ഞിരിക്കുകയാണ്. രാത്രി, പകൽ വ്യത്യാസമില്ലാതെ ആക്രമണങ്ങളും പിടിച്ചുപറിയും നടക്കുകയാണ്.
മൂന്നാഴ്ച മുന്പും പത്തനാട്ടെ വ്യാപാരികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമമുണ്ടായിരുന്നു.
ഒരുവർഷം മുന്പ് ഇടയിരിക്കപ്പുഴയിൽ വ്യാപാരിയെ കുത്തിയശേഷം പണവും സ്വർണവും തട്ടിയെടുത്തിരുന്നു. മുന്പും പലവട്ടം ഇതേതരത്തിൽ വ്യാപാരികൾക്കും യാത്രക്കാർക്കും നേരേ ആക്രമണമുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബർ ഏഴിന് ഇടയപ്പാറ വടക്കേറാട്ട് മനേഷിനെ കൊലപ്പെടുത്തി കാൽപ്പാദം വെട്ടിയെടുത്ത് റോഡിൽ കൊണ്ടുവന്ന് വെച്ചു.
കൊലപാതകത്തിന് ശേഷവും മുണ്ടത്താനത്ത് ആക്രമണ സംഭവങ്ങൾ പതിവായതോടെ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ.
രാത്രിയിൽ കടയടക്കുന്ന വ്യാപാരികൾ പേടിയോടെയാണ് വീട്ടിലേക്കു മടങ്ങുന്നത്. പത്തനാട്, മുണ്ടത്താനം പ്രദേശങ്ങളിൽ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ കച്ചവടം പതിവാണ്.
തിരക്കൊഴിഞ്ഞ ഇടവഴികൾ, റബർത്തോട്ടങ്ങൾ, ഒറ്റപ്പെട്ട വീടുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരിമാഫിയ പ്രവർത്തിക്കുന്നത്. പല സംഭവങ്ങളിലും പിടിയിലാകുന്നത് സ്ഥിരം കുറ്റവാളികൾ തന്നെയാണ്.
ഇവരെല്ലാം കഞ്ചാവ് അടക്കമുള്ള കേസുകളിൽ പ്രതികളുമാണ്. രാത്രിയിൽ ആയുധങ്ങളുമായി ബൈക്കിലെത്തുന്ന സംഘങ്ങൾ കടകളിൽ കയറി ഭീഷണിപ്പെടുത്തുന്നതും പണം ആവശ്യപ്പെടുന്നതും പതിവാണ്.
ഗുണ്ടാശല്യം വർധിച്ചതോടെ സമാധാനമായി കച്ചവടം നടത്താനും വീടുകളിൽ താമസിക്കാനും കഴിയുന്നില്ലെന്ന് പരാതിയും വ്യാപകമാണ്.