തൃപ്പൂണിത്തുറ: മദ്യപാനത്തെച്ചൊല്ലിയുണ്ടായ വഴക്കിനിടെ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. ഇരുമ്പനം മഠത്തിപ്പറമ്പിൽ കരുണാകരൻ (64) ആണ് മരിച്ചത്.
ഓട്ടോത്തൊഴിലാളിയായ മകൻ അവിൻ എന്നു വിളിക്കുന്ന അമൽ (27)നെ ഹിൽപാലസ് പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി ഏഴോടെയാണ് ഇവരുടെ വീട്ടിൽ വഴക്കുണ്ടായത്.
ബഹളത്തെ തുടർന്ന് എട്ടോടെ കരുണാകരന് തലയ്ക്കടിയേൽക്കുകയായിരുന്നു.
ഇടയ്ക്ക് ഇവരുടെ കുടുംബത്തിൽ വഴക്കുണ്ടാകാറുള്ളത് കൊണ്ട് സമീപവാസികളും ശ്രദ്ധിച്ചിരുന്നില്ല.
കരുണാകരന്റെ ഭാര്യ രുഗ്മിണി വീട്ടിലുണ്ടായിരുന്നെങ്കിലും അവരും ഭർത്താവിന്റെ തലയ്ക്ക് പരുക്കേറ്റത് ഗൗനിച്ചില്ല.
തുടർന്ന് ഇന്നു പുലർച്ചെ മൂന്നോടെ ഭർത്താവ് ബോധരഹിതനായി കിടക്കുന്നത് കണ്ട് തൃശൂരിൽ ജോലി ചെയ്യുന്ന മൂത്ത മകനെ വിളിച്ചറിയിക്കുകയായിരുന്നു.
മകൻ വീടിനടുത്തുള്ള ബന്ധുക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് സമീപവാസികൾ വന്നു നോക്കുമ്പോൾ തുണി കൊണ്ട് പുതച്ച നിലയിൽ കരുണാകരൻ മരിച്ചു കിടക്കുകയായിരുന്നു.
സംഭവം അറിയിച്ചതിനെ തുടർന്നു ഹിൽപാലസ് പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. കോവിഡ് വന്ന് ക്വാറന്റൈനിലായിരുന്ന കുടുംബത്തിലുള്ളവർ ഇന്നലെയാണ് പുറത്തിറങ്ങിയത്.