ചാലക്കുടി: പതിനേഴു വയസുകാരിയായ മകളെ 32 കാരനു വിവാഹം ചെയ്തു നല്കിയ സംഭവത്തിൽ അമ്മയും അറസ്റ്റിൽ. മാടായിക്കോണം സ്വദേശിനിയാണ് അറസ്റ്റിലായത്.
17- കാരിയെ വിവാഹം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ സിത്താരനഗർ പണിക്കവീട്ടിൽ വിപിനെ ( 32) കഴിഞ്ഞ ദിവസം ചാലക്കുടി എസ്ഐ കെ.കെ. ബാബുവും സംഘവും അറസ്റ്റ് ചെയ്തിരുന്നു.
എലിഞ്ഞപ്രയ്ക്കു സമീപമുള്ള അന്പലത്തിലായിരുന്നു കഴിഞ്ഞ ദിവസം ഇവരുടെ വിവാഹം.
ശൈശവ വിവാഹം നടക്കുന്നതായി തൃശൂരിലെ ചൈൽഡ് വെൽഫയറിൽ അറിഞ്ഞതിനെ തുടർന്ന് പോലീസ് എത്തിയപ്പോഴേക്കും താലിക്കെട്ട് കഴിഞ്ഞിരുന്നു.
ചോദ്യം ചെയ്യലിൽ പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നു കണ്ടെത്തി. തന്നെ കഴിഞ്ഞ നവംബർ പത്തിനു വിവാഹം ചെയ്തതായും പീഡിപ്പിച്ചതായും പെൺകുട്ടി പോലീസിനോടു പറഞ്ഞു.
തമിഴ്നാട്ടിലായിരുന്ന പെൺകുട്ടിയുടെ പിതാവിനെ അറിയിക്കാതെയായിരുന്നു അന്നത്തെ വിവാഹം. പിന്നീടു പിതാവ് നാട്ടിലെത്തിയപ്പോൾ ആദ്യവിവാഹം മറച്ചുവച്ച് വീണ്ടും വിവാഹച്ചടങ്ങ് നടത്തുകയായിരുന്നു.
അറസ്റ്റിലായതിനു ശേഷം പോലീസ് സ്റ്റേഷനിലേക്കു പുറപ്പെട്ടപ്പോൾ ക്ഷേത്രത്തിനടുത്തുള്ള ശുചിമുറിയിൽ കയറി വിപിൻ ആത്മഹത്യയ്ക്കു ശ്രമിച്ചു.
ഉടനെ താലൂക്ക് ആശുപത്രിയിൽ ചികിത്സ നല്കിയ ശേഷമാണു പോലീസ് അറസ്റ്റ് ചെയ്തത്.