മൂന്നാർ: പഞ്ചായത്തിലെ ലക്ഷങ്ങളുടെ അഴിമതി പുറത്തുവരാതിരിക്കുവാൻ താത്ക്കാലിക ജീവനക്കാരിയെ പുറത്താക്കിയതായി പരാതി. പുറത്താക്കപ്പെട്ട ജീവനക്കാരി മണിമേഖലയാണ് വിജിലൻസിന് പരാതി നൽകിയിരിക്കുന്നത്.
2018 ൽ സർക്കാർ ഉത്തരവ് പ്രകാരം നൂറുദിന തൊഴിൽ പദ്ധതിയുടെ ഭാഗമായി സിറ്റിസണ്‍ ഇൻഫർമേഷൻ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അനുവദിച്ച തുകയിൽ ക്രമക്കേട് നടത്തി എന്നാരോപിച്ചായിരുന്നു കഴിഞ്ഞ 16 ന് മണിമേഖലയെ പഞ്ചായത്ത് സെക്രട്ടറി പുറത്താക്കി ഉത്തരവു പുറപ്പെടുവിച്ചത്.
വർഷങ്ങളായി പഞ്ചായത്തിൽ ലക്ഷങ്ങളുടെ അഴിമതിയാണ് വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടു നടക്കുന്നതെന്നും തന്നെ പഴിചാരി ഉദ്യോഗസ്ഥർ രക്ഷപെടുവാൻ ശ്രമിക്കുകയാണെന്നും വിജിലൻസിനു നൽകിയ പരാതിയിലിൽ പറയുന്നു.
തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വാർഡുകളിൽ സിറ്റിസണ്‍ ഇൻഫർമേഷൻ ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള ചുമതല മണിമേഖല കൂടി അംഗമായ ശ്രീശക്തി കുടുംബ യൂണിറ്റിനായിരുന്നു.
ഇതിന്റെ ഭാഗമായി കുടുംബശ്രീ പ്രസിഡന്റ് ഏഞ്ചൽ മോണിക്ക സെലസിന്റെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്ക് കഴിഞ്ഞ മെയ് 26 ന് 2,51,650 രൂപ കൈമാറുകയും ചെയ്തിരുന്നു.
സംഘത്തിന്റെ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ജോയിന്റ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കേണ്ട പണമാണ് മോണിക്കയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് കൈമാറിയത്.
എന്നാൽ ഈ തുക അബദ്ധത്തിൽ അക്കൗണ്ടിലേക്ക് കൈമാറിയതാണെന്നും തുക തിരികെ നൽകണമെന്ന് പഞ്ചായത്ത് അധികാരികൾ സംഘത്തിന്റെ പ്രസിഡന്റിനോട് ആവശ്യപ്പെട്ടപ്പോൾ തുക കൈമാറുവാൻ സാധിക്കില്ലെന്ന് ഇവർ അറിയിക്കുകയും ചെയ്തു.
എന്നാൽ ഇത്തരത്തിലൊരു കരാറിൽ ഒപ്പുവച്ചിട്ടില്ലെന്നും പദ്ധതി തുകയിൽ ക്രമക്കേടുകൾ ഉണ്ടെന്നും ആരോപിച്ച് ശ്രീശക്തി സംഘം പ്രസിഡന്റ് തന്നെ രംഗത്തെത്തിയതോടെയാണ് പദ്ധതി തുകയുടെ വിനിയോഗത്തിൽ ക്രമക്കേടുകൾ നടന്നതായി തെളിഞ്ഞത്.
ബോർഡുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ലക്ഷങ്ങളുടെ പണിയിൽ താത്ക്കാലിക ജീവനക്കാരിയായ തനിക്ക് ക്രമക്കേട് നടത്താനാകില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.