തലയോലപ്പറന്പ്: തലയോലപ്പറന്പ് ഗവണ്മെന്റ് ആശുപത്രിയിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കാനെത്തിയ വീട്ടമ്മയ്ക്കു 15 മിനിറ്റിനുള്ളിൽ രണ്ട് ഡോസുകൾ നൽകി.
അവശനിലയിലായ വടയാർ സ്വദേശിനിയായ അന്പത്തിനാലുകാരിയെ പുതിയ ആശുപത്രി മന്ദിരത്തിൽ ഡ്രിപ്പിട്ടു കിടത്തി.
പിന്നീട് വൈകുന്നേരത്തോടെയാണിവർ വീട്ടിലേക്കു മടങ്ങിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.
രണ്ടാം ഡോസ് എടുക്കാനെത്തിയ ഇവർക്കു നഴ്സ് വാക്സിനെടുത്തശേഷം കുറച്ചു നേരമിരുന്നു വിശ്രമിച്ചിട്ടു പോയാൽ മതിയെന്നു പറഞ്ഞതിനാൽ ഇവർ കുത്തിവയ്പ്പെപ്പെടുത്ത സ്ഥലത്തുതന്നെ ഇരുന്നു.
15 മിനിട്ടു കഴിഞ്ഞു വീണ്ടും കുത്തിവയ്ക്കാനായി എത്തിയ നഴ്സ് വാക്സിനെടുക്കാനെത്തിയവരുടെ തിരക്കിനിടയിൽ വാക്സിനെടുത്ത ആളാണവിടെ ഇരുന്നതെന്നോർക്കാതെ കുത്തിവയ്ക്കുകയായിരുന്നു.
തനിക്കു രണ്ടു തവണ കുത്തിവയ്പ്പെടുത്തെന്നു വീട്ടമ്മ പറഞ്ഞപ്പോഴാണ് നഴ്സു മറ്റും അബദ്ധം മനസിലാക്കിയത്.
രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടായ വീട്ടമ്മയ്ക്കു ഉടൻ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. ശാരീരികനില ഏറെക്കുറെ സാധാരണ നിലയിലായതോടെ വീട്ടിലേക്കു മടങ്ങിയ വീട്ടമ്മ സുഖംപ്രാപിച്ചു വരുന്നു.