തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന് തുടക്കമായി. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ ആരംഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങളിലും എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളിലും മറ്റ് ജില്ലകളിൽ ഒൻപത് കേന്ദ്രങ്ങളിൽ വീതമാണ് വാക്സിനേഷൻ നടന്ന് കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് വാക്സിൻ 4.35 ലക്ഷം ഡോസാണ് എത്തിയത്.
ഇന്ന് ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്ത ആരോഗ്യപ്രവർത്തകർക്കാണ് വാക്സിനേഷൻ നടന്നു കൊണ്ടിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ വിവിധ വകുപ്പുകളുടെയും അന്താരാഷ്ട്ര ഏജൻസികളായ ലോകാരോഗ്യസംഘടന, യൂണിസെഫ് , യുഎൻഡിപി എന്നിവരുടെ സഹകരണവും വാക്സിനേഷനുണ്ട്.
തിരുവനന്തപുരം ജില്ലയിലെ വാക്സിനേഷൻ പ്രവർത്തനങ്ങൾക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏകോപനം നൽകി. ആരോഗ്യമന്ത്രി കെ.കെ. ഷൈലജ കണ്ണൂർ ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
തിരുവനന്തപുരം ജില്ലയിൽ ഗോകുലം മെഡിക്കൽ കോളജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാറശാല താലുക്കാശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി വർക്കല, മണന്പൂർ സാമുഹ്യ ആരോഗ്യ കേന്ദ്രം, കിംസ് ആശുപത്രി, നിംസ് മെഡിസിറ്റി, പാങ്ങപ്പാറ പ്രാഥമികാരോഗ്യകേന്ദ്രം, തൈക്കാട് ആശുപത്രി, വിതുര ആശുപത്രി ഉൾപ്പെടെ തിരുവനന്തപുരം ജില്ലയിൽ 11 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടക്കുന്നത്.