തിരുവനന്തപുരം: വാക്സിൻ വിതരണത്തിൽ അനാസ്ഥ വീണ്ടും. മിനിറ്റുകളുടെ വ്യത്യാസത്തിൽ യുവതിക്ക് രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ ഒരുമിച്ചെടുത്തതായി പരാതി.
മലയിൻകീഴ് താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.
ആദ്യ ഡോസ് വാക്സിൻ നൽകിയ ശേഷം മറ്റൊരു നഴ്സ് എത്തി, വീണ്ടും യുവതിയെ കുത്തിവയ്ക്കുകയായിരുന്നുവെന്നു പറയുന്നു.
ശാരീരികാസ്വാസ്ഥ്യവും കൈയ്ക്കും ശരീരത്തിനും അമിതഭാരവും അനുഭവപ്പെട്ട യുവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദഗ്ധ പരിശോധനകൾക്കായി ഇവരെ ജനറൽ ആശുപത്രിയിലേക്കു മാറ്റി. നിരീക്ഷണത്തിൽ ഇവർക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ജനറൽ ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞു താലൂക്ക് ആശുപത്രിയിലേക്കു തന്നെ മാറ്റി.
വാക്സിൻ എടുത്തിരുന്നോ എന്നു യുവതിയോടു ചോദിച്ചപ്പോൾ, എടുത്തില്ലെന്ന മറുപടി നൽകിയതിനാലാണ് വാക്സിനേഷൻ നൽകിയതെന്ന് താലൂക്ക് ആശുപത്രി അധികൃതർ പറഞ്ഞു.
നേരത്തേയും രണ്ടു ഡോസ് വാക്സിൻ ഒരുമിച്ചു നൽകിയതായ പരാതികൾ ഉയർന്നിരുന്നു.