കോട്ടയം: ടോക്കണ്‍ വിതരണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വാക്സിൻ സ്വീകരിക്കാനെത്തിയവരും പോലീസും തമ്മിൽ വാക്കേറ്റം. ഇന്നു രാവിലെ കോട്ടയം ബേക്കർ മെമ്മോറിയൽ എൽപി സ്കൂളിൽ ഒന്‍പതോടെയാണ് സംഭവം.രാവിലെ ആറു മുതൽ തന്നെ ഇവിടേക്ക് വാക്സിൽ സ്വീകരിക്കുന്നതിനു ആളുകൾ എത്തിത്തുടങ്ങിയിരുന്നു.
ഇന്നു മൂന്നു ക്യൂ സംവിധാനമാണ് പോലീസും ആരോഗ്യ പ്രവർത്തകരും ഒരുക്കിയത്. രജിസ്റ്റർ ചെയ്തവർ, രജിസ്റ്റർ ചെയ്യാതെ ഇന്നു നേരിട്ടെത്തിയവർ, സർക്കാർ ജീവനക്കാർ എന്നിങ്ങ നെ മൂന്നു ക്യൂ സംവിധാനം ഒരുക്കി. ഇവിടെ ആളുകളുടെ തിരക്ക് കൂടിയതോടെ പിന്നീട് പോലീസിന്റെ നേതൃത്വത്തിൽ ടോക്കണ്‍ വിതരണം നടത്തി. ഇതാണ് രാവിലെ സംഘർഷാവസ്ഥ സൃഷ്ടിച്ചത്.
രാവിലെ ഒന്‍പതോടെ ആളുകൾ കൂടിവരികയും കുറച്ചാളുകൾ ഇവിടെ കൂട്ടംകൂടി നിൽക്കുകയും ചെയ്തു. തിരക്ക് ഒഴിവാക്കാൻ പോലീസിന്റെ നേതൃത്വത്തിൽ പുറത്തു കാത്തു നിന്നവർക്ക് ടോക്കണ്‍ വിതരണം ആരംഭിച്ചു. മണിക്കൂറുകളായി ആളുകൾ ക്യൂ നിൽക്കുന്പോൾ അല്പ സമയം മുന്‍പു മാത്രം എത്തി കൂട്ടം കൂടി നിന്നവർക്ക് പോലീസ് ടോക്കണ്‍ വിതരണം ചെയ്തത് ആളുകൾ ചോദ്യം ചെയ്തു.
ഇതാണ് വലിയ വാക്കേറ്റമായി മാറിയത്. സംഘർഷാവസ്ഥ ഏറെ നേരം നീണ്ടു നിന്നു. ആളുകൾ കൂട്ടം കൂടിയതോടെ കോവിഡ് നിയന്ത്രണം കാറ്റിൽ പാറിയ അവസ്ഥയിലായി. പലരും മാസ്കുപോലും ശരിയായി ധരിക്കാതെയാണ് സംഘർഷമുണ്ടാക്കിയത്. പിന്നീട് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്.
പോലീസുകാർ ക്യുവിൽ നിൽക്കുന്നവരെ പരിഗണിക്കാതെ ചിലർക്ക് മാത്രമായി ടോക്കണ്‍ കൊടുത്തു. ഇതു ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്കു നീണ്ടതെന്നു വാക്സിൽ സ്വകരിക്കാനെത്തിയ ആളുകൾ പറയുന്നു.കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്തവരേയും രജിസ്റ്റർ ചെയ്യാതെ എത്തിയവരേയും ഒന്നിച്ചു ക്യൂവിൽ നിർത്തിയതും പ്രശ്നമായി.
കോവിഡ് നിയന്ത്രണം പലപ്പോഴും ലംഘിച്ചാണ് ബേക്കർ മെമ്മോറിയൽ സ്കൂളിൽ മെഗാ ക്യാന്പിൽ വാക്സിൻ വിതരണം നടത്തുന്നതെന്നു ആക്ഷേപം ഉയർന്നു കഴിഞ്ഞു.