പാലക്കാട്: വാക്സിനെടുക്കാത്ത വയോധികന് വാക്സിൻ സർട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പിന് പരാതി നല്കി. പാലക്കാട്ടെ വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥനാണ് വാക്സിനെടുക്കാതെ സർട്ടിഫിക്കറ്റ് ലഭിച്ചത്.കൽപ്പാത്തി അംബികാപുരത്തെ സുബ്രഹ്മണ്യൻ (62) വാക്സിനെടുക്കാനായി ഈ മാസം ഒന്നിനാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്.
ഓണ്‍ലൈനിൽ നടത്തിയ പരിശോധനയിൽ ഇന്നലെ കൊപ്പം ലയണ്‍സ് സ്കൂളിൽ വാക്സിനെടുക്കാൻ അനുമതി ലഭിച്ചതിനെ തുടന്ന് സ്കൂളിലെത്തിയെങ്കിലും വാക്സിൻ ലഭിച്ചില്ല. എന്നാൽ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് വാക്സിൻ സർട്ടിഫിക്കറ്റ് ലഭിച്ചത്.
പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രിക്കും സംസ്ഥാന ആരോഗ്യ മന്ത്രിക്കും സുബ്രഹ്മണ്യൻ പരാതി നൽകി.വാക്സിൻ എടുക്കാതെ തന്നെ സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ ഇനി വാക്സിൻ എടുക്കാൻ കഴിയുമോ എന്നാണ് സുബ്രഹ്മണ്യന്റെ ആശങ്ക. എന്നാൽ സംഭവം സാങ്കേതിക പിഴവെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.