പാലക്കാട്: കോവിഡ് വാക്സിൻ എടുക്കാത്ത വ്യക്തിക്ക് വാക്സിൻ എടുത്തതായുള്ള സന്ദേശവും സർട്ടിഫിക്കറ്റും ലഭിച്ചു. ചന്ദ്രനഗർ മുണ്ടക്കോട് സ്വദേശി സുരേഷ് ബാബുവിനാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.
വയനാട് അന്പലവയലിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ വെച്ച് വാക്സിൻ സ്വീകരിച്ചെന്നാണ് സർട്ടിഫിക്കറ്റിൽ പറയുന്നത്. ആധാർ നന്പറും ഫോണ് നന്പറും സുരേഷ് ബാബുവിന്റേതു തന്നെയാണ്.
സുരേഷ് ബാബു മാസങ്ങൾക്കു മുന്പ് വാക്സിൻ ലഭിക്കുന്നതിനായി ആധാർ നന്പറും ഫോണ് നന്പറും വെച്ച് ബുക്ക് ചെയ്തിരുന്നു. എന്നാൽ നിരവധി തവണ ശ്രമിച്ചിട്ടും സ്ലോട്ട് ലഭിച്ചിരുന്നില്ല.
പിന്നീട് ഒരു ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലുമായി. കഴിഞ്ഞ ദിവസമാണ് സന്ദേശവും സർട്ടിഫിക്കറ്റും എത്തിയത്. ഇനി തനിക്ക് വാക്സിൻ ലഭ്യമാകുമോ എന്ന ആശങ്കയിലാണ് സുരേഷ് ബാബു.
കൂടാതെ തന്റെ ആധാർ വിവരങ്ങൾ ചോർന്നതായുള്ള ഭീതിയുമുണ്ട്. ഇതുസംബന്ധിച്ച് പോലീസിലും ആരോഗ്യവകുപ്പിനും പരാതി നല്കി.