ബീഡി തെറുത്ത് താന്‍ സമ്പാദിച്ചതെല്ലാം മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് സംഭാവനചെയ്ത ചാലാടന് ജനാര്ദനന് (65) അന്തരിച്ചു.
കണ്ണൂര്‍ കുറുവ പാലത്തിനടുത്തുള്ള അവേരയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ബീഡിത്തൊഴിലാളിയായിരുന്നു. തന്റെ ആകെയുള്ള സമ്പാദ്യമായ 2,00,850 രൂപയില്‍ രണ്ടുലക്ഷം രൂപയും വാക്സിന് ചലഞ്ചിലേക്ക് കൈമാറിയതിനേത്തുടര്‍ന്ന് അദ്ദേഹം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
കേരളാ ബാങ്കിന്റെ കണ്ണൂര്‍ മെയിന്‍ ശാഖയിലെ അക്കൗണ്ടിലുണ്ടായിരുന്ന പണം വാക്സീന് ചലഞ്ചിനായി സംഭാവന ചെയ്തശേഷം പേര് പോലും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ച് അദ്ദേഹം ഇറങ്ങിപ്പോവുകയായിരുന്നു.
എന്നാല്‍, ഇക്കാര്യം ബാങ്ക് ജീവനക്കാരന് ഫേസ്ബുക്ക് വഴി ലോകത്തെ അറിയിക്കുകയായിരുന്നു. പതിമൂന്നാം വയസ്സില്‍ ബീഡിതെറുപ്പ് തുടങ്ങിയ ജനാര്ദനന് എട്ടാം ക്ലാസ് വരെയേ പഠിച്ചുള്ളൂ.
പിന്നീട് ദിനേശ് ബീഡി കമ്പനിയില്‍ 36 വര്‍ഷത്തോളം ജോലിചെയ്തു. ഭാര്യ പുന്നത്തുംചാല്‍ രജനിയും ദിനേശ് ബീഡി തൊഴിലാളിയായിരുന്നു.
2020 ജൂണിലാണ് രജനി അന്തരിച്ചത്. രണ്ടുപേര്‍ക്കുംകൂടി കമ്പനിയില്‍നിന്ന് കിട്ടിയ ആനുകൂല്യത്തില്‍നിന്നാണ് വാക്സിന് ചലഞ്ചിലേക്ക് പണം നല്‍കിയത്.
അടുത്തകാലം വരെ ജനാര്ദ്ദനന് സ്വകാര്യകമ്പനിക്കുവേണ്ടി ബീഡി തെറുത്തുകൊടുക്കാറുണ്ടായിരുന്നു.
പിണറായി വിജയന് സര്‍ക്കാര്‍ രണ്ടാംവട്ടം അധികാരത്തിലെത്തിയപ്പോള്‍ ജനാര്ദനന് സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ലഭിച്ചിരുന്നു.
എന്നാല്‍, ഭാര്യ മരിച്ചതിന് ശേഷം ദൂരയാത്രകള് ഒഴിവാക്കിയിരുന്ന ജനാര്ദനന് സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനര്‍ഹര്‍ പണംതട്ടിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ വൈകാരികമായി അദ്ദേഹം പ്രതികരിച്ചിരുന്നു.