മണ്ണാർക്കാട് : ഏകമകളുടെ ഒന്നാം പിറന്നാൾ ആഘോഷങ്ങൾക്കായി മാറ്റിവെച്ച തുകയും ആദ്യശന്പളത്തിൽ നിന്ന് മാറ്റിവെച്ച തുകയും ചേർത്ത് കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി വാക്സിൻ ചലഞ്ചിലേക്ക് നൽകി യുവദന്പതികൾ മാതൃകയാവുകയാണ്.
കാരാകുർശ്ശി ഗ്രാമത്തിലെ വലിയട്ടയിൽ താമസിക്കുന്ന വേർക്കൊട്ട് വീട്ടിൽ ഹരീഷും ദീപ്തിയും തങ്ങളുടെ ഏക മകൾ ദിയയുടെ ഒന്നാം പിറന്നാൾ ആഘോഷങ്ങൾക്കായി മാറ്റിവെച്ച തുക ഉൾപ്പെടെയാണ് നിയുക്ത കോങ്ങാട് എംഎൽഎ കെ ശാന്തകുമാരിയെ വാക്സിൻ ചലഞ്ചിലേക്കായി ഏൽപ്പിച്ചത്.
കെഎസ്ആർടിസി സുൽത്താൻ ബത്തേരി ഡിപ്പോയിൽ കണ്ടക്ടറായ ഹരീഷിനും മണ്ണാർക്കാട് താലൂക്കോഫീസ് ജീവനക്കാരിയായ ദീപ്തിക്കും ഈ ധന്യമുഹൂർത്തം ഇരട്ടി മധുരത്തിന്റെ ആഹ്ലാദമാണ് നൽകിയത്.
ഈ സർക്കാരിന്റെ കാലത്ത് രണ്ട് മാസം മുന്പാണ് പി എസ് സി വഴി ദീപ്തി താലൂക്ക് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത് . ദീപ്തിയുടെ ആദ്യശന്പളത്തിൽ നിന്ന് ഒരു വിഹിതമാണ് വാക്സിൻ ചലഞ്ചിലേക്ക് മാറ്റിനൽകിയത്.
എൽ ഡി എഫ് സർക്കാരിന്റെ കരുതലിന്റെയും വികസനത്തിന്റെയും ഭാഗമായാണ് തനിക്ക് ജോലി ലഭിച്ചതെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളോടൊപ്പം എന്നും ഞങ്ങളുണ്ടാകുമെന്നും ദീപ്തിയും ഹരീഷും പറഞ്ഞു.